നിബന്ധന ഒഴിവാക്കാത്തതില്‍ പ്രതിഷേധം ശക്തം
text_fieldsഅബൂദബി: യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്‍ നെഗറ്റിവ് ഫലം വേണമെന്ന നിബന്ധന ഒഴിവാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തം. ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് നിലവിൽ കേന്ദ്രസർക്കാർ ഇളവ്. ഈ ഇളവ് യു.എ.ഇയിൽനിന്ന് വാക്സിനെടുത്തവർക്കും നൽകണമെന്നാണ് പ്രവാസികളുടെ ആവശ്യം.
യു.എ.ഇയേക്കാൾ കൂടുതൽ കോവിഡ് ബാധിതരുള്ള മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും എത്തുന്നവരെ പരിശോധനയിൽനിന്ന് ഒഴിവാക്കിയിട്ടും യു.എ.ഇയെ ഒഴിവാക്കാത്തതിലാണ് പ്രതിഷേധം. ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് റാപിഡ് പി.സി.ആറും ആർ.ടി പി.സി.ആറും യു.എ.ഇ ഒഴിവാക്കിയിരുന്നു. എന്നിട്ടും, ഇന്ത്യയിലേക്കു പോകുന്നവർക്ക് ഇപ്പോഴും പി.സി.ആർ വേണം. വാക്സിനേഷൻ നൂറു ശതമാനത്തിനടുത്ത് നിൽക്കുന്ന രാജ്യമാണ് യു.എ.ഇ.
സുരക്ഷിതമായ രീതിയില്‍ കോവിഡിനെ പ്രതിരോധിച്ച് നിയന്ത്രണവിധേയമാക്കിയ രാജ്യമാണ് യു.എ.ഇ. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ യോഗ്യരായ 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി. എന്നിട്ടും ഇന്ത്യ കടുംപിടിത്തം തുടരുകയാണ്. ഇത് പ്രവാസികളുടെ മാത്രമല്ല വാണിജ്യ, വ്യാപാര, വിനോദസഞ്ചാരികളുടെയും സുഗമമായ യാത്രക്ക് തടസ്സമാവുന്നുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനും ബൂസ്റ്റര്‍ ഡോസും എടുത്തവരാണ് യു.എ.ഇയിലുള്ളവര്‍. ഇതില്‍ മഹാഭൂരിപക്ഷവും മലയാളികളുമാണ്.
ചികിത്സ, മരണം തുടങ്ങി അടിയന്തരമായി നാട്ടിലേക്കു പോകേണ്ടവരാണ് ഇന്ത്യയുടെ നിലപാടില്‍ പ്രയാസപ്പെടുന്നത്. കോവിഡ് നിയന്ത്രണത്തിൽ കർശന നിലപാട് സ്വീകരിച്ചിരുന്ന അബൂദബി എമിറേറ്റ് പോലും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള നടപടി കൈക്കൊണ്ടിട്ട് നാളുകളായി.
വിദേശത്തുനിന്ന് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതും അല്ലാത്തതുമായ യാത്രക്കാര്‍ക്ക് ഇനിമുതല്‍ കോവിഡ് പരിശോധന ആവശ്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
നേരത്തേ വാക്‌സിന്‍ സ്വീകരിച്ച യാത്രികര്‍ക്ക് പുറപ്പെടുന്നതിനു മുമ്പുള്ള കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അബൂദബി അറിയിച്ചിരുന്നു. വന്നിറങ്ങിയശേഷമുള്ള പരിശോധനയും ഒഴിവാക്കി. അതേസമയം, വാക്‌സിന്‍ സ്വീകരിക്കാത്ത രാജ്യത്തെത്തുന്നവര്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ പുറപ്പെടുന്നതിന് 30 ദിവസത്തിനുള്ളില്‍ കോവിഡ് മുക്തരായതെന്നു വ്യക്തമാക്കുന്ന ക്യു.ആര്‍ കോഡോടുകൂടിയ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.