തുടർപഠനത്തിന് അവസരമൊരുക്കണം -യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികൾ
text_fieldsദുബൈ: തുടർപഠനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് യുക്രെയ്നിൽ നിന്നെത്തിയ മലയാളി വിദ്യാർഥികളും പ്രവാസി ഇന്ത്യ ഭാരവാഹികളും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തിരിച്ചെത്തിയ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെട്ട് അകറ്റണം. അവസാന വർഷ വിദ്യാർഥികളുടെ തുടർപഠനവും ഇന്റേൺഷിപ്പും പൂർത്തീകരിക്കുന്നതിന് അതതു യൂനിവേഴ്സിറ്റികളുമായി ബന്ധപ്പെടണം.
ഇന്ത്യൻ യൂനിവേഴ്സിറ്റികളിൽ 1,2,3,4 വർഷ വിദ്യാർഥികളുടെ തുടർ പഠനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ സഹായിക്കണം. ഇതിനായി പ്രത്യേക മാനദണ്ഡം തയാറാക്കണം. ആദ്യ വർഷ വിദ്യാർഥികൾക്ക് അവർ കെട്ടിവെച്ച ഭീമമായ ഫീസ് ഏജൻസിയിൽനിന്ന് തിരികെ ലഭ്യമാക്കണം. വിദ്യാർഥികളെ ഇകഴ്ത്തി സോഷ്യൽ മീഡിയ വഴിയുള്ള അക്രമങ്ങൾക്ക് നടപടിയെടുക്കണം. യുക്രെയ്ൻ വിദ്യാർഥികൾക്കായി കേരള ബജറ്റിൽ തുക വകയിരുത്തിയത് സ്വാഗതാർഹമാണ്. ഈ തുക എങ്ങനെ ചെലവഴിക്കും എന്നതിൽ കൃത്യത വേണമെന്നും അവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
യു.എ.ഇയിൽ തുടർപഠനം നടത്താൻ സ്കോളർഷിപ് കിട്ടാനുള്ള സാധ്യതകൾക്കായി പ്രവാസി ഇന്ത്യ ശ്രമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനായി റെഡ് ക്രസന്റ് പോലുള്ളവയുടെ സഹായം തേടും. യുദ്ധക്കെടുതി നേരിട്ട് കണ്ടും വിദ്യാഭ്യാസം മുടങ്ങിയും മാനസികമായി തളർന്ന വിദ്യാർഥികൾക്ക് കൗൺസലിങ് നൽകുന്നുണ്ട്. യുക്രെയ്ൻ സംഘർഷം തുടങ്ങിയ ഉടൻ ഹെൽപ് ഡെസ്ക് ആരംഭിച്ചിരുന്നു. കിയവ്, ഖാർകിവ്, സുമി, സപ്രോസീയ എന്നീ മേഖലകളിൽ കുടുങ്ങിയ അറുപതോളം വിദ്യാർഥികളുടെ രക്ഷിതാക്കൾ ഹെൽപ് ഡെസ്ക്കുമായി ആദ്യ രണ്ടു ദിവസങ്ങളിൽ തന്നെ ബന്ധപ്പെട്ടു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ മാനസിക പിന്തുണ നൽകി അവരുടെ ആത്മവിശ്വാസം ചോരാതെ നിൽക്കാൻ ഹെൽപ് ഡെസ്ക് പ്രത്യേകം ശ്രദ്ധ ചെലുത്തി.
വിദ്യാർഥികൾ സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെ ഹെൽപ് ഡെസ്ക് സജീവമായി ഇടപെട്ടു. രക്ഷിതാക്കളുടെ ആശങ്കകൾ ഇന്ത്യൻ അധികൃതരെ അറിയിക്കാൻ രക്ഷിതാക്കളുടെയും ഇന്ത്യൻ എംബസി അധികൃതരുടെയും കൂടിക്കാഴ്ച പ്രവാസി ഇന്ത്യ സംഘടിപ്പിച്ചു. യുക്രെയ്നിൽ കുടുങ്ങി കിടന്ന വിദ്യാർഥികളുടെ വിവരങ്ങൾ യഥാസമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയം, യുക്രെയ്നിലെ ഇന്ത്യൻ മിഷൻ, നോർക്ക, ഡൽഹി കേരള ഹൗസിലെ സ്പെഷൽ ഓഫിസർ വേണു രാജാമണി എന്നിവർക്ക് കൈമാറി. ഇവരുടെ തുടർ പഠനത്തിനായി ഒപ്പമുണ്ടാകുമെന്നും പ്രവാസി ഇന്ത്യ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ പ്രവാസി ഇന്ത്യ പ്രസിഡന്റ് അബ്ദുല്ല സവാദ്, ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ്, ദുബൈ പ്രസിഡൻറ് അബുല്ലൈസ്, ഹെൽപ് ഡെസ്ക് കൺവീനർമാരായ ഹാഫിസുൽ ഹഖ്, അബ്ദുൽ ഹസീബ്, വിദ്യാർഥികളായ ഫാത്തിമ, ജസ്ന, മാസിൻ, റഹ്ബ്, റബീഹ്, രക്ഷിതാക്കളായ ശശാങ്കൻ, നിസാറുദ്ദീൻ, ജിയോ ജോസഫ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.