'ഡീപ് ഡൈവ് ദുബൈ' യിലേക്ക് ഇന്ന് മുതൽ പൊതുജനങ്ങൾക്കും പ്രവേശനം
text_fieldsഡീപ് ഡൈവ് ദുബൈയുടെ ദൃശ്യം
ദുബൈ: ലോകത്തെ ആഴമേറിയ ഡൈവിങ് സ്വിമ്മിങ് പൂളായ 'ഡീപ് ഡൈവ് ദുബൈ' യിലേക്ക് ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കും പ്രവേശനം. നഗരത്തിലെ നാദ് അൽ ഷെബ പ്രദേശത്താണ് ഗിന്നസ് വേൾഡ് റെക്കോഡ്സ് അംഗീകരിച്ച ആഴമേറിയ സ്വിമ്മിങ് പൂളുള്ളത്. 60.02 മീറ്റർ ആഴമാണിതിന്. നിറയാൻ 14 ദശലക്ഷം ലിറ്റർ വെള്ളം വേണം. deepdivedubai.com എന്ന വെബ്സൈറ്റ് വഴിയാണ് പ്രവേശനത്തിനു ബുക്കിങ്. നാനൂറ് ദിർഹമാണ് ഒരാൾക്ക് പ്രവേശന ഫീസ്. ഡൈവിങ് ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്. ബുധൻ മുതൽ ഞായർ വരെ ഉച്ചക്ക് 12 മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തനം.
ആറ് ഒളിമ്പിക് സ്വിമ്മിങ് പൂളുകളുടെ വലുപ്പമാണിതിന് അവകാശപ്പെടുന്നത്. യു.എ.ഇയുടെ മുത്ത്-പവിഴ ഡൈവിങ് പൈതൃകത്തിെൻറ അടിസ്ഥാനത്തിൽ വലിയ ചിപ്പിയുടെ രൂപത്തിൽ 1500 സ്ക്വയർ മീറ്ററിലാണിത് തയാറാക്കിയത്. ഡൈവ് ഷോപ്പ്, ഗിഫ്റ്റ് ഷോപ്പ്, 80 പേർക്കിരിക്കാവുന്ന റസ്റ്റാറൻറ്, എന്നിവയും ഇതിനനുബന്ധിച്ചുണ്ട്. അന്താരാഷ്ട്ര തലത്തിൽ പരിശീലനം നേടിയ ഡൈവർമാരുടെ മേൽനോട്ടത്തിലാണിവിടെ ഡൈവിങ് സൗകര്യം. ഇതിലെ വെള്ളം ഒാരോ ആറുമണിക്കൂറിലും ഫിൽട്ടർ ചെയ്യാൻ സൗകര്യമുണ്ട്. നേരത്തെ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഇവിടെ ഡൈവിങ് ചെയ്യുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.