പൊതുമാപ്പ്: 50 പേര്‍ക്ക് വിമാന ടിക്കറ്റ് നല്കി യുവ സംരംഭകൻ
text_fieldsജംഷീർ ബാബു
അജ്മാന്: പ്രവാസികൾക്ക് കാരുണ്യത്തിന്റെ തണലൊരുക്കി മലയാളി യുവ സംരംഭകൻ. യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്കുപോയ നിര്‍ധനരായ അമ്പത് പേര്‍ക്ക് വിമാന ടിക്കറ്റ് നൽകിയിരിക്കുകയാണ് അജ്മാനിൽ ഡ്രൈവിങ് സ്കൂൾ ഉൾപ്പെടെ ബിസിനസ് സംരംഭങ്ങളുടെ ഉടമ മലപ്പുറം തിരൂർ വൈലത്തൂർ സ്വദേശി ജംഷീർ ബാബു.
മെച്ചപ്പെട്ട ജീവിതം തേടി യു.എ.ഇയിലെത്തി പ്രതിസന്ധികളിൽപ്പെട്ട് വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്ത നിരവധി പേര്‍ക്ക് ആശ്വാസമാവുകയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ്. നിയമ തടസ്സങ്ങള്‍ നീക്കി പൊതുമാപ്പ് ഉപയോഗപ്പെടുത്തി ജന്മനാട്ടിലേക്ക് പോകാനൊരുങ്ങിയ നിരവധി പേരാണ് വിമാന ടിക്കറ്റിനായി ഇദ്ദേഹത്തെ സമീപിച്ചത്.
ഒരു ശ്രമമെന്ന നിലക്ക് ഇരുപത് പേര്‍ക്ക് ടിക്കറ്റ് നല്‍കാനായിരുന്നു ജംഷീർ ബാബു ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍, പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ച് പലരും വിളിച്ചപ്പോള്‍ മടക്കിയയക്കാന്‍ കഴിഞ്ഞില്ലെന്ന് ഇദ്ദേഹം പറയുന്നു. തീർത്തും നിരാലംബരായ വ്യത്യസ്ത രാജ്യക്കാരായവര്‍ക്ക് ഇദ്ദേഹം ടിക്കറ്റ് നൽകിയിട്ടുണ്ട്.
നമ്മളെപ്പോലെ ഭാഗ്യാന്വേഷികളായി പ്രവാസ ലോകത്തെത്തി പ്രതിസന്ധിയിലായവരെ ചെറിയ രീതിയിലെങ്കിലും സഹായിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായാണ് ജംഷീർ ബാബു കരുതുന്നത്. ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ പകരം തരുമെന്ന അടിയുറച്ച വിശ്വാസമാണ് തന്റെ ഈ പ്രവൃത്തിയുടെ പ്രേരണയെന്ന് കഴിഞ്ഞ 20 വർഷമായി യു.എ.ഇയിലുള്ള ജംഷീർ ബാബു പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.