ദുബൈയിൽ പബ്ലിക് പാർക്കുകൾ തുറന്നു
text_fieldsദുബൈ: കോവിഡ് -19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാഗികമായി ലഘൂകരിക്കുന്നതിെൻറ ഭാഗമായി ദുബൈയിൽ പബ്ലിക് പാർക്കുകൾ തുറന്നുതുടങ്ങി. എല്ലാവർക്കും പ്രവേശനമുണ്ടെങ്കിലും അഞ്ചിൽ കൂടുതൽ ആളുകൾ ഒന്നിച്ചുചേരുന്നതും കൂട്ടംകൂടി കളിക്കുന്നതും വിലക്കിയിട്ടുണ്ട്.
സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കർശനമായ മുൻകരുതൽ വ്യവസ്ഥകൾ പാലിക്കണമെന്ന വ്യവസ്ഥയിൽ തുടരുന്നതിനാൽ ഷോപ്പിങ് മാളുകളിലും റീട്ടെയിൽ ഔട്ട്ലെറ്റുകളിലും മുമ്പുണ്ടായിരുന്ന എല്ലാ പ്രതിരോധ നടപടികളും ഇപ്പോഴും ബാധകമാണ്.
കർശന പ്രതിരോധ നടപടികൾ നടപ്പാക്കുമ്പോൾ അതിഥികൾക്ക് മാത്രം സ്വകാര്യ ബീച്ചുകൾ വീണ്ടും തുറക്കാൻ ഹോട്ടലുകളെ അനുവദിച്ചിരുന്നുവെങ്കിലും വ്യക്തികൾ തമ്മിലുള്ള ശാരീരിക അകലം നിർബന്ധമാക്കിയാണ് ഇളവ് നൽകിയിരുന്നത്. ആർ.ടി.എ വ്യക്തമാക്കിയ സമയപരിധി അനുസരിച്ച് ദുബൈ ഫെറി, വാട്ടർ ടാക്സികൾ, ഷെയറിങ് ഗതാഗത സേവനങ്ങൾ എന്നിവയും ദുബൈ ട്രാമുകൾക്കും സമുദ്ര ഗതാഗതവും പതിവ് സർവിസ് കഴിഞ്ഞ ദിവസംതന്നെ പുനരാരംഭിച്ചിരുന്നു.
സൈക്ലിങ്, വാട്ടർ സ്പോർട്സ്, സ്കൈ ഡൈവിങ് എന്നിവയിൽ അഞ്ച് പേർക്ക് തുറസ്സായ സ്ഥലങ്ങളിൽ സ്പോർട്സ്, വിനോദ പ്രവർത്തനങ്ങൾ അനുവദിക്കും. ഈ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സമഗ്ര പ്രതിരോധ നടപടികൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഹെൽത്ത് വിഭാഗവും ഫെഡറൽ അധികൃതരും വ്യക്തമാക്കിയ എല്ലാ മുൻകരുതൽ, പ്രതിരോധ നടപടികൾ തുടർന്നും കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വൈറസ് വ്യാപനം കുറക്കുന്നതിനുള്ള പരിരക്ഷയും പിന്തുണയും ഉറപ്പുവരുത്തുന്നതിനായി എല്ലാ സമയത്തും ഈ നടപടികൾ കർശനമായി സ്വീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും അധികൃതർ ഉൗന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.