പൊതുഗതാഗതം: കഴിഞ്ഞവർഷം യാത്ര ചെയ്തത് 461 ദശലക്ഷം യാത്രക്കാർ
text_fieldsദുബൈ: മഹാമാരിയുടെ ഇടയിലും ദുബൈയിലെ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ആർ.ടി.എയുടെ കീഴിലുള്ള മെട്രോ, ബസ്, ടാക്സി, ജലഗതാഗതം, ട്രാം എന്നിവ കഴിഞ്ഞവർഷം 461 ദശലക്ഷം യാത്രക്കാർ ഉപയോഗപ്പെടുത്തിയെന്നാണ് കണക്കുകൾ. 2020നെ അപേക്ഷിച്ച് 94,8000 യാത്രക്കാരാണ് വർധിച്ചിരിക്കുന്നത്.
മുന്നിൽ നിൽക്കുന്നത് ടാക്സിയാണ്. ആകെ യാത്രക്കാരുടെ 34 ശതമാനവും (154.7 ദശലക്ഷം) ടാക്സിയിലായപ്പോൾ മെട്രോ 33 ശതമാനവുമായി (151.3 ദശലക്ഷം) രണ്ടാമതെത്തി. യാത്രകളുടെ മൂന്നിൽ രണ്ടും മെട്രോയും ടാക്സിയും കവർന്നു. 116.3 ദശലക്ഷമാണ് (25 ശതമാനം) ബസ് യാത്രികരുടെ എണ്ണം. ദുബൈ ട്രാം 5.34 ദശലക്ഷം യാത്രക്കാരെ കയറ്റി. അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവ ഉൾപ്പെട്ട ജലഗതാഗതം ഉപയോഗപ്പെടുത്തിയത് 10.94 ദശലക്ഷം പേർ. ഡിസംബറിലായിരുന്നു ഏറ്റവും തിരക്ക്. 53 ദശലക്ഷം ജനങ്ങളാണ് ഡിസംബറിൽ യാത്ര ചെയ്തത്. നവംബറിൽ 50 ദശലക്ഷം. മറ്റ് മാസങ്ങളിൽ 30-48 ദശലക്ഷത്തനിടയിലായിരുന്നു യാത്രക്കാരുടെ എണ്ണം.
2020ൽ ആകെ 346 ദശലക്ഷം യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. ദിവസവും ശരാശരി 13 ലക്ഷം യാത്രക്കാരെങ്കിലും പൊതുഗതാഗതം ഉപയോഗിക്കുന്നുണ്ട്. 2020ൽ ഇത് 9.48 ലക്ഷമായിരുന്നു.
തിരക്കേറിയ സ്റ്റേഷൻ ബുർജ്മാൻ:
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ യാത്രികരെത്തിയത് ഇന്റർചേഞ്ച് സ്റ്റേഷനുകളായ ബുർജ്മാൻ, യൂനിയൻ മെട്രോ സ്റ്റേഷനുകളിൽ. ബുർജ്മാനിൽ 8.8 ദശലക്ഷം യാത്രക്കാർ വന്നുപോയപ്പോൾ യൂനിയൻ വഴി 7.5 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. റെഡ് ലൈനിൽ അൽ റിഗ്ഗ (ഏഴ് ദശലക്ഷം), മാൾ ഓഫ് എമിറേറ്റ്സ് (6.3 ദശലക്ഷം), ബിസിനസ് ബേ (5.8 ദശലക്ഷം), ദുബൈ മാൾ (5.7 ദശലക്ഷം) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ഗ്രീൻ ലൈനിൽ 5.3 ദശലക്ഷം യാത്രികരുമായി ബെനിയാസ് മുന്നിലെത്തി. ഷറഫ് ഡി.ജി (5.1 ദശലക്ഷം), സ്റ്റേഡിയം (3.9 ദശലക്ഷം), സലാഹ് അൽ ദീൻ (3.8 ദശലക്ഷം), അൽ ഗുബൈബ (3.2 ദശലക്ഷം) എന്നിവരാണ് പിന്നാലെയുള്ളത്. കോവിഡിൽ നിന്ന് ദുബൈയിലെ പൊതുഗതാഗതം തിരിച്ചുവന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. കോവിഡിനെ മറികടന്നതിൽ ആർ.ടി.എ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.