പൊതുഗതാഗത ദിനം: ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ആർ.ടി.എ
text_fieldsദുബൈ: പതിനഞ്ചാമത് പൊതുഗതാഗത ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 28 മുതൽ നവംബർ ഒന്നു വരെ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
‘നിങ്ങൾക്ക് നല്ലത്, ദുബൈക്ക് മികച്ചത്’ എന്നതാണ് ഇത്തവണത്തെ പ്രമേയം. സാമൂഹിക ക്ഷേമം, സാമ്പത്തിക ക്ഷേമം, വൈകാരിക ക്ഷേമം, ആരോഗ്യ ക്ഷേമം, ബൗദ്ധികവും പാരിസ്ഥിതികവുമായ ക്ഷേമം എന്നിവയെ പരിപോഷിപ്പിക്കുന്നതിൽ ആർ.ടി.എയുടെ പങ്കിനെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
നവംബർ ഒന്നിന് പൊതുഗതാഗത ദിനത്തിൽ നിരവധി പരിപാടികളും മത്സരങ്ങളും ഒരുക്കുന്നതിലൂടെ പൊതുഗതാഗതം ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആർ.ടി.എ വ്യക്തമാക്കി.
ആർ.ടി.എയുടെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ദുബൈയിലെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നതിന് നിവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർ.ടി.എ കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സെക്ടർ സി.ഇ.ഒ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു.
മെട്രോ, ട്രാം, പബ്ലിക് ബസുകൾ, മറൈൻ ഗതാഗതം, സൈക്കിളുകൾ, ഇ-സ്കൂട്ടറുകൾ, നഗരത്തിലുടനീളമുള്ള പൊതുഗതാഗത സ്റ്റേഷനുകളിലും സ്റ്റോപ്പുകളിലും എത്തിച്ചേരാനുള്ള നടത്തം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
പൊതുഗതാഗത ദിനത്തിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കും വിലയേറിയ സമ്മാനങ്ങൾ ലഭിക്കും. ആർ.ടി.എ ആറ് വിഭാഗങ്ങളിലായി ഏറ്റവും കൂടുതൽ പൊതുഗതാഗത ഉപയോക്താക്കൾക്ക് പ്രതിഫലം നൽകും.
ഓരോ വിഭാഗത്തിൽ നിന്നും മൂന്ന് വിജയികളെ തിരഞ്ഞെടുത്ത് ഓരോരുത്തർക്കും ‘പബ്ലിക് ട്രാൻസ്പോർട്ട് ചാമ്പ്യൻ’ എന്ന പദവി നൽകും. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് പത്ത് ലക്ഷം നോൽ പ്ലസ് പോയന്റും റണ്ണറപ്പിന് അഞ്ച് ലക്ഷം നോൽ പ്ലസ് പോയന്റും മൂന്നാം സ്ഥാനം നേടുന്നയാൾക്ക് 2.5 ലക്ഷം നോൽ പ്ലസ് പോയന്റും ലഭിക്കും. മൂന്ന് വിജയികളെയും ചടങ്ങിൽ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.