പൊതുഗതാഗതം ഇങ്ങനെ വേണം; കണ്ടുപഠിക്കാം ഈ മാതൃക
text_fieldsദുബൈ: എമിറേറ്റിൽ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കുതിക്കുകയാണ്. ഈ വർഷം ആദ്യ പകുതിയിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 36.1 കോടിയിലെത്തിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. 2023ലെ ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണം 34.5 കോടിയായിരുന്നു.
അതായത്, ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ആറു ശതമാനമാണ് വർധന. പ്രതിദിനം ശരാശരി 19.8 ലക്ഷം പേരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 18.8 ലക്ഷമായിരുന്നു.
മെട്രോ, ട്രാം, ബസുകൾ, സമുദ്ര ഗതാഗത സംവിധാനങ്ങൾ, ടാക്സികൾ, ഇ-ഹെയ്ൽ സർവിസുകൾ, സ്മാർട്ട് റെന്ററൽ വാഹനങ്ങൾ, ഓൺ ഡിമാന്റ് ബസുകൾ തുടങ്ങിയവയാണ് എമിറേറ്റിലെ പ്രധാന പൊതുഗതാഗത സംവിധാനങ്ങൾ. ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ ദുബൈ മെട്രോയാണ് മുന്നിൽ. ആകെ യാത്രക്കാരിൽ 37 ശതമാനം പേരും മെട്രോ സർവിസ് ഉപയോഗപ്പെടുത്തി. 27 ശതമാനം പേർ ടാക്സി ഉപയോഗിച്ചപ്പോൾ ബസ് ഉപയോഗിച്ചത് 24.5 ശതമാനമാണ്.
ഈ വർഷം ജനുവരിയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ ലഭിച്ചത്. 6.5 കോടി. മറ്റു മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം 5.3 കോടിക്കും 6.3 കോടിക്കും ഇടയിലാണ്.
ദുബൈയിലെ ജനങ്ങൾക്കിടയിൽ പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാനായി ആർ.ടി.എ നടപ്പാക്കിയ വിവിധ പദ്ധതികളുടെ കാര്യക്ഷമതയും വിത്യസ്തമായ യാത്ര സൗകര്യങ്ങളുടെ ലഭ്യതയുമാണ് യാത്രക്കാരുടെ എണ്ണത്തിലെ വർധനക്കുള്ള പ്രധാന കാരണമെന്ന് എക്സിക്യൂട്ടിവ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ദുബൈയിലെ സംയോജിത പൊതുഗതാഗത സംവിധാനം വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പൊതുഗതാഗത ഉപയോഗത്തിന്റെ സംസ്കാരത്തെത്തന്നെ മാറ്റിമറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യ പകുതിയിൽ മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 13.3 കോടി യാത്രക്കാരാണ് ഉപയോഗപ്പെടുത്തിയത്.
ബുർജ്മാൻ, യൂനിയൻ മെട്രോ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത്. ബുർജ്മാനിൽ 78 ലക്ഷവും യൂനിയൻ മെട്രോ സ്റ്റേഷനിൽ 63 ലക്ഷവും യാത്രക്കാരെത്തി. റെഡ് ലൈനിൽ അൽ റിഗ്ഗയിൽ 62 ലക്ഷവും മാൾ ഓഫ് എമിറേറ്റ്സ് 56 ലക്ഷവും ബിസിനസ് ബേയിൽ 52 ലക്ഷവും പേർ യാത്ര ചെയ്തു.
സമുദ്ര ഗതാഗത സംവിധാനങ്ങളിലൂടെ 97 ലക്ഷം പേർ യാത്ര ചെയ്തപ്പോൾ ദുബൈ ട്രാമിൽ 45 ലക്ഷവും ബസുകളിൽ 8.92 കോടി പേരും യാത്ര ചെയ്തു. ഓൺ ഡിമാന്റ് ബസുകൾ, ഇ-ഹെയ്ൽ വാഹനങ്ങൾ, വാടക വാഹനങ്ങൾ എന്നിവയിലായി 2.78 കോടി പേരും യാത്ര ചെയ്തു.
ദുബൈ ടാക്സി യാത്രക്കാരുടെ എണ്ണം 9.7 കോടിയാണെന്നും ആർ.ടി.എ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.