കോവിഡിനിടയിലും തളരാതെ ദുബൈയിലെ പൊതുഗതാഗതം
text_fieldsദുബൈ: മഹാമാരിക്കിടയിലും ദുബൈയിലെ പൊതുഗതാഗത സംവിധാനം വഴി സഞ്ചരിച്ചത് 34 കോടി യാത്രക്കാർ. ആർ.ടി.എ പുറത്തുവിട്ട 2020ലെ കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ സഞ്ചരിച്ചത് മെട്രോയിലാണ് (11.3 കോടി). ബസിൽ 9.5 കോടി യാത്രക്കാർ കയറിയപ്പോൾ ട്രാമിനെ കൂട്ടുപിടിച്ചത് 36 ലക്ഷം പേരാണ്. ജലഗതാഗതം 80 ലക്ഷം പേർ ഉപയോഗപ്പെടുത്തി. ഷെയർ വാഹനങ്ങളിൽ കയറിയത് ഒന്നര കോടി യാത്രക്കാർ. കാബുകൾ വഴി 10 കോടി ആളുകൾ യാത്ര ചെയ്തുവെന്നും കണക്കുകൾ പറയുന്നു.
ദിവസവും 9.47 ലക്ഷം യാത്രക്കാർ പൊതുഗതാഗതം ഉപയോഗിച്ചു. 2019നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെങ്കിലും കോവിഡ് സമയത്ത് കൂടുതൽ ആളുകൾ പൊതുഗതാഗതം ഉപയോഗിച്ചത് ദുബൈയിലെ ഗതാഗത സംവിധാനത്തിെൻറ മേന്മയാണെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ബോർഡ് ചെയർമാൻ മത്താർ അൽതായർ പറഞ്ഞു. 2019ൽ 60 കോടി യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. കോവിഡിനെ തുടർന്ന് മെട്രോ ഉൾപ്പെടെയുള്ള സർവിസുകൾ നിർത്തിവെച്ചതും വെട്ടിച്ചുരുക്കിയതുമാണ് ഇക്കുറി യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായത്. ലോക്ഡൗണും വർക്ക് ഫ്രം ഹോമുമെല്ലാം യാത്രക്കാരുടെ എണ്ണം കുറയാൻ കാരണമായി.
നിയന്ത്രണങ്ങളോടെ സുരക്ഷിതമായാണ് പൊതുഗതാഗത സംവിധാനം ഇപ്പോഴും പ്രവർത്തിക്കുന്നതെന്നും എല്ലാ ജീവനക്കാർക്കും ജോലി തുടങ്ങുന്നതിനു മുമ്പും ശേഷവും പരിശോധന നടത്തുണ്ടെന്നും അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.