പൊതു വൈഫൈയാണോ, ജാഗ്രതൈ
text_fieldsഅബൂദബി: പൊതു വൈഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നവർ ജാഗ്രതൈ. സൈബർ കുറ്റവാളികൾ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്കുചെയ്‌തേക്കാം.
മൊബൈൽ ഉപകരണങ്ങൾ, ഇ–മെയിലുകൾ, ഡാറ്റ എന്നിവക്കെതിരെയുള്ള അപകടസാധ്യതകൾ ഒഴിവാക്കാൻ പൊതു വൈഫൈ ഉപയോഗിക്കുന്നതിനെതിരെ അബൂദബി ഡിജിറ്റൽ അതോറിറ്റി ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുന്നതിന് ഹാക്കർമാർ പൊതു നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നു. സാധ്യമെങ്കിൽ എപ്പോഴും സ്വന്തം നെറ്റ്വർക്ക് ഡാറ്റ ഉപയോഗിക്കുക. മൊബൈൽ ഫോണുകളിൽ വി.പി.എൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിലും ഹാക്ക് ചെയ്യപ്പെടാം.
വിമാനത്താവളങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റാറൻറുകൾ, ജിംനേഷ്യം, ഹോട്ടൽ മുറികൾ, കോഫി ഷോപ്പുകൾ, ലൈബ്രറികൾ, പൊതുഗതാഗതം, യു.എ.ഇയിലെ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാണ്. ആയിരക്കണക്കിനാളുകൾ സൗജന്യ ഇൻറർനെറ്റ് സേവനം ഉപയോഗിക്കുന്നു. ഈ സൗജന്യ വൈഫൈ ജാഗ്രതയോടെ ഉപയോഗിക്കണം.
ലോഗിൻ ചെയ്യാൻ പാസ്വേഡ് ഉപയോഗിച്ചാലും ഓൺലൈൻ പ്രവർത്തനങ്ങൾ സുരക്ഷിതമാണെന്ന് കരുതരുത്. ഹാക്കർമാർ വലവിരിച്ച് കാത്തിരിക്കുന്നതറിയാതെ പൊതു വൈഫൈ ഉപയോഗിച്ചാൽ തട്ടിപ്പിനിരയാകാം. ചില പൊതു വൈഫൈ സ്‌പോട്ടുകളിൽ എൻക്രിപ്റ്റ് ചെയ്യാത്ത നെറ്റ്വർക്കുകളുമുണ്ട്. സൈബർ കുറ്റവാളികൾ ഇതുപയോഗിച്ച് ഉപയോക്താക്കളെ കബളിപ്പിക്കും.
ഉപയോക്താക്കൾ സോഫ്റ്റ്‌വെയറുകളും മൊബൈൽ ആപ്ലിക്കേഷനുകൾ അപ്ഡേറ്റ് ചെയ്യണമെന്നും അബൂദബി ഡിജിറ്റൽ അതോറിറ്റി നിർദേശിച്ചു. മൊബൈൽ ആപ്ലിക്കേഷനുകളും ഓപറേറ്റിങ് സിസ്റ്റവും അപ്ഡേറ്റ് ചെയ്യുന്നത് യാത്രയിൽ മികച്ച സുരക്ഷ ഉറപ്പാക്കും.
പണമിടപാടും വേണ്ട
പൊതു വൈഫൈ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓൺലൈനിൽ ഒരു പണമിടപാടുകളും നടത്തരുത്. ഓൺലൈൻ വ്യക്തിഗത വിശദാംശങ്ങളും പണവും നഷ്ടപ്പെട്ടേക്കാം.
പൊതു വൈഫൈ ഉപയോഗിക്കുമ്പോൾ ഇ–മെയിൽ, എസ്.എം.എസ് വഴി അജ്ഞാത ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളോ അറ്റാച്ചുമെൻറുകളോ തുറക്കരുത്. അപകടത്തിലേക്കുള്ള പ്രവേശനമാവുമെന്ന് ഓർമയുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.