ഉപതെരഞ്ഞെടുപ്പ് ഫലം; വർഗീയതക്ക് സ്ഥാനമില്ലെന്നതിന് തെളിവ് -പുത്തൂർ റഹ്മാൻ
text_fieldsദുബൈ: പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും വയനാട് ലോക്സഭ മണ്ഡലത്തിലെയും തെരഞ്ഞെടുപ്പു ഫലം കേരളം യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ പറഞ്ഞു.
പാലക്കാട് നടന്ന ത്രികോണ മത്സരത്തില്‍ ജനം രാഹുല്‍ മാങ്കൂട്ടത്തിനെ ഏറ്റവും മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു. ഇടതുകോട്ടയായ ചേലക്കരയില്‍ യു.ഡി.എഫിന്റെ ചിട്ടയായ പ്രവര്‍ത്തനം ഫലം ചെയ്തത് പരാജയത്തിലും ദൃശ്യമാണ്. വയനാട്ടിലെ പ്രിയങ്കയുടെ വിജയമാവട്ടെ എതിരില്ലാത്തതുമായി. പാലക്കാട്ടെ തെരഞ്ഞെടുപ്പു ഫലം കേരളത്തിലെ ഇടതുമുന്നണി സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കൂടുതല്‍ വര്‍ഗീയ പ്രീണനത്തിലൂന്നിത്തുടങ്ങി എന്നാണ് കാണിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിന് വോട്ട് ചെയ്യിക്കാന്‍ വീടുകള്‍ കയറി ഖുര്‍ആനില്‍ തൊട്ട് സത്യം ചെയ്യിച്ചെന്ന സി.പി.എം ജില്ല സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിന്റെ നീചമായ ആരോപണം ഉൾപ്പെടെ തെരഞ്ഞെടുപ്പുകാലത്ത് സ്വീകരിച്ച സമീപനങ്ങള്‍ ഇടതുരാഷ്ട്രീയത്തിന്റെ അടിത്തറ മാന്തുന്നതാണ്. തെരഞ്ഞെടുപ്പിലുടനീളം മുസ്ലിംകളോടുള്ള വെറുപ്പു പരത്താനും പാലക്കാട്ടെ ഹിന്ദുക്കളെ അതുവഴി സ്വാധീനിക്കാമെന്നുമാണ് ഭരണപക്ഷം കണക്കുകൂട്ടിയത്. മുനമ്പം വിഷയത്തെക്കുറിച്ച് ഒരക്ഷം ഉരിയാടാത്ത സര്‍ക്കാര്‍ അതൊരു മുസ്ലിം-കൃസ്ത്യന്‍ ഭിന്നിപ്പിനുള്ള ആയുധമാക്കാമെന്നും കരുതി.
ഒടുവില്‍ ഏറ്റവും കടുത്ത വര്‍ഗീയ പ്രചാരണത്തിനായി കേരളത്തിലെ രണ്ടു സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളെയും ഉപയോഗപ്പെടുത്തി. ഒരേസമയം കേരളത്തിലെ മൂന്നു മതവിഭാഗങ്ങളെയും കബളിപ്പിക്കാനും യു.ഡി.എഫ് വോട്ട് ഭിന്നിപ്പിക്കാനുമുള്ള ശ്രമമാണ് സി.പി.എം നടത്തിയത്. ഭാഗ്യവശാല്‍ ഒന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.