ഖത്തർ-ഇറാൻ ലോകകപ്പ് യോഗ്യത മത്സരം ദുബൈയിൽ
text_fieldsദുബൈ: ഒക്ടോബർ 15ന് ഇറാനിലെ തെഹ്റാനിൽ നടക്കേണ്ടിയിരുന്ന ഖത്തർ-ഇറാൻ ലോകകപ്പ് യോഗ്യത മത്സരം ദുബൈയിലേക്ക് മാറ്റി. മേഖലയിലെ സംഘർഷവും സുരക്ഷ ഭീഷണിയും കണക്കിലെടുത്താണ് ഫിഫയുമായി കൂടിയാലോചിച്ച് മത്സര വേദി മാറ്റാൻ തീരുമാനിച്ചതെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു.
നിഷ്പക്ഷ വേദിയെന്ന നിലയിലാണ് ദുബൈയിലേക്ക് കളി മാറ്റിയത്. മത്സരം മുൻ നിശ്ചയിച്ച ദിവസമായ ഒക്ടോബർ 15ന് ദുബൈ സമയം രാത്രി എട്ടിനുതന്നെ നടക്കും. ഇസ്രായേലിന്റെ ഗസ്സയിലെയും ലബനാനിലെയും ആക്രമണവും, പിന്നാലെ ഇറാനുമായുള്ള സംഘർഷ അന്തരീക്ഷവുമെല്ലാമാണ് മത്സര വേദി മാറ്റാനുള്ള തീരുമാനത്തിന് കാരണം.
എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽനിന്നും ഇന്ത്യൻ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഇറാനിൽ കളിക്കുന്നതിൽ നിന്നും പിൻവാങ്ങിയിരുന്നു. ഒക്ടോബർ രണ്ടിന് ഇറാൻ ക്ലബ് തബ്രിസിനെതിരെ തെഹ്റാനിൽ നടക്കേണ്ടിയിരുന്ന മത്സരം ക്ലബ് ഉപേക്ഷിക്കുകയും, എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നിന്ന് പിൻവാങ്ങുകയും ചെയ്തത് വിവാദമായിരുന്നു. ഇറാൻ -ഇസ്രായേൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കളിക്കാർ മത്സരത്തിനായി പുറപ്പെടാൻ വിസമ്മതം അറിയിച്ചതോടെയാണ് ബഗാൻ മത്സരം റദ്ദാക്കി, ടൂർണമെന്റിൽ നിന്ന് പിൻവാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.