തെരുവുകളിൽ അഭ്യാസം; ക്വാഡ് ബൈക്കുകൾ പിടിച്ചെടുത്തു
text_fieldsദുബൈ: തെരുവുകളിലും താമസകേന്ദ്രങ്ങളിലും അഭ്യാസപ്രകടനവും ബഹളവുമുണ്ടാക്കിയതായ പരാതിയെ തുടർന്ന് ദുബൈ പൊലീസ് നിരവധി ക്വാഡ് ബൈക്കുകൾ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് ബൈക്കുകൾ ഉപയോഗിച്ചത് കുട്ടികളാണെന്ന് കണ്ടെത്തി. നാല് ടയറുള്ള, ഓഫ് റോഡ് ഡ്രൈവിങ്ങിന് ഉപയോഗിക്കുന്ന ബൈക്കുകൾ തണുപ്പുകാലത്ത് വ്യാപകമാകാറുണ്ട്. ഇതാണ് കുട്ടികൾ രാത്രി റോഡുകളിൽ വൻ ശബ്ദത്തോടെ അലക്ഷ്യമായി ഓടിക്കുന്നത് കണ്ടെത്തിയത്. പൊലീസ് പട്രോളിങ് സംഘം ഇത്തരം റൈഡർമാരെ വീട് വരെ പിന്തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.
താമസക്കാർക്ക് പ്രയാസമുണ്ടാക്കുന്ന രീതിയിൽ കുട്ടികൾ ബൈക്കുകൾ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ മേജർ ജന. സൈഫ് മുഹൈർ അൽ മസ്റൂയി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാധാരണ റോഡുകളിൽ ക്വാഡ് ബൈക്കുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റോഡിൽനിന്ന് പിടികൂടുന്ന ഇത്തരം ബൈക്കുകൾ വിട്ടുകിട്ടാൻ 50,000 ദിർഹം വരെ പിഴ അടക്കേണ്ടി വരും. മണൽ മേഖലകളിലും സമാന സ്ഥലങ്ങളിലും ഓടിക്കുന്നതിന് രൂപകൽപന ചെയ്തതാണ് ബൈക്കുകളെന്നും നിയമവിരുദ്ധമായി ഇവ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ കുട്ടികളെ അപകടം ക്ഷണിച്ചുവരുത്തലാണെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
കുട്ടികൾ വരുത്തുന്ന അപകടങ്ങൾക്ക് രക്ഷിതാക്കൾ ഉത്തരവാദികളായിരിക്കും. കുട്ടികൾക്ക് വേണ്ടി അത്തരം വാഹനങ്ങൾ വാങ്ങിനൽകുന്നത് ഒഴിവാക്കണം. പ്രായവ്യത്യാസമില്ലാതെ മിക്ക വിനോദ മോട്ടോർസൈക്കിൾ റൈഡർമാരും ശരിയായ ഡ്രൈവിങ് പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. ഇത്തരം നിയമലംഘനങ്ങൾ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’സേവനം വഴിയോ ‘വി ആർ ഓൾ പൊലീസ്’ എന്ന ഹോട്ട്ലൈനിലേക്ക് 901 നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.