സൈബർ ആക്രമണങ്ങൾ തടയാൻ ക്വാണ്ടം കമ്പ്യൂട്ടർ
text_fieldsദുബൈ: സൈബർ ആക്രമണങ്ങൾ ചെറുക്കാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി യു.എ.ഇ ക്വാണ്ടം കമ്പ്യൂട്ടർ സ്ഥാപിക്കും. അതിസുപ്രധാന രേഖകൾ ഹാക്കർമാരുടെ കൈവശം ലഭിക്കാതിരിക്കാനാണ് നടപടി.
യു.എ.ഇയിൽ ഇൻറർനെറ്റ് ഉപയോക്താക്കളുടെ ഡേറ്റ സുരക്ഷിതമാണെങ്കിലും അതിസമർഥരായ ഹാക്കർമാർ സുരക്ഷിതമല്ലാത്ത വിവരങ്ങൾ ചോർത്തിയെടുക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് നടപടിയെന്ന് ക്രിപ്റ്റോഗ്രഫി ഗവേഷണ കേന്ദ്രം മേധാവി ഡോ. നജ്വ ആറാജ് പറഞ്ഞു. സാധാരണ കമ്പ്യൂട്ടറുകളേക്കാൾ പതിൻമടങ്ങ് ശക്തമായ ക്വാണ്ടം കമ്പ്യൂട്ടറുകൾ ൈസബർ ആക്രമണത്തിന് ഉപയോഗിക്കാറുണ്ട്. സൈബർ സുരക്ഷാ വിഭാഗവും ആക്രമണകാരികളും തമ്മിലെ മത്സരത്തിൽ പിടിച്ചുനിൽക്കൽ അനിവാര്യമാണ്. അതിന് വേണ്ടിയാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത് -അവർ പറഞ്ഞു.
രാജ്യത്ത് പല കമ്പനികളും സ്ഥാപനങ്ങളും സാധാരണ സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതെയാണ് പ്രവർത്തിക്കുന്നരെന്ന് അവർ കുറ്റപ്പെടുത്തി. ആക്രമണങ്ങൾ തടയാൻ ഒാരോരുത്തരും ചെയ്യേണ്ട കാര്യങ്ങൾ പലരും പൂർത്തിയാക്കുന്നില്ല. കണ്ടെത്താൻ പ്രയാസമുള്ള പാസ്വേഡുകൾ ഉപയോഗിക്കുക, ആഭ്യന്തര കമ്പ്യൂട്ടർ നെറ്റ്വർക്ക് സുരക്ഷിതമാക്കുക എന്നിവ പലരും ശ്രദ്ധിക്കുന്നില്ല. പൊതു-സ്വകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഡേറ്റ സുരക്ഷിതമെന്ന് ഉറപ്പുവരുത്തണം.
അല്ലാത്തപക്ഷം വെല്ലുവിളി നിലനിൽക്കുന്നുണ്ട് -അവർ വ്യക്തമാക്കി. ലോകത്തെല്ലായിടത്തും നിലവിലുള്ള പ്രതിസന്ധിയാണിതെന്നും ഡോ. നജ്വ പറഞ്ഞു. കോവിഡ് രോഗികളുടെയും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടതുമായ വിവരങ്ങളും ഹാക്കർമാരുടെ ലക്ഷ്യമാകാതിരിക്കില്ലെന്നും ചോദ്യത്തിന് മറുപടിയായി അവർ വ്യക്തമാക്കി.
സാധാരണ കമ്പ്യൂട്ടറുകളേക്കാൾ വേഗം കൂടിയ സംവിധാനങ്ങളുള്ള ക്വാണ്ടം കംമ്പ്യൂടിങ് സംവിധാനത്തിലൂടെ സൈബർ സുരക്ഷ കൂടുതൽ ഉറപ്പിക്കാനാവും. ആദ്യ പോസ്റ്റ് ക്വാണ്ടം ക്രിപ്റ്റോഗ്രഫി സോഫ്റ്റ്വെയർ ലൈബ്രറി സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഭാവിയിൽ കൂടുതൽ പദ്ധതികളിലുൾപ്പെടുത്തി സൈബറിടത്തെ സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായാണ് യു.എ.ഇ സർക്കാർ മുന്നോട്ടുപോകുന്നത്.
ക്വാണ്ടം കമ്പ്യൂട്ടർ
നിരവധി സൂപ്പർ കമ്പ്യൂട്ടറുകളുടെ പ്രവർത്തന വേഗമാണ് ഒരു ക്വാണ്ടം കമ്പ്യൂട്ടറിനുണ്ടാവുക. സാധാരണ കമ്പ്യൂട്ടറുകളിൽ ബിറ്റുകൾ ഉപയോഗിക്കുേമ്പാൾ ക്വാണ്ടം കമ്പ്യൂട്ടറിൽ ക്യൂബിറ്റുകളാണ് ഉപയോഗിക്കുക.
നിലവിലെ കമ്പ്യൂട്ടറുകൾക്ക് പരിഹരിക്കാൻ കഴിയാത്ത അതിസങ്കീർണ പ്രശ്നങ്ങൾ ഇതിലൂടെ കണ്ടെത്താം. നിരവധി രാജ്യങ്ങൾ ഇൗ മേഖലയിൽ വലിയ ഗവേഷണങ്ങൾ അടുത്ത കാലത്തായി നടത്തിയിട്ടുണ്ട്. ആരോഗ്യം, ബഹിരാകാശ ഗവേഷണം, വ്യവസായം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ ക്വാണ്ടം കമ്പ്യൂട്ടർ സൃഷ്ടിക്കുമെന്നാണ് പ്രവചിക്കപ്പെട്ടത്. സൈബർ സുരക്ഷയിൽ വിവിധ രാജ്യങ്ങൾ ക്വാണ്ടം കമ്പ്യൂട്ടർ ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.