മുഖ്യമന്ത്രീ, പ്രവാസി അതിഥി തൊഴിലാളികളോട് അൽപമെങ്കിലും ദയ കാണിക്കൂ
text_fieldsദുബൈ: ഒരു ഇത്തിരിക്കുഞ്ഞൻ വൈറസ് മനുഷ്യരെ അപ്രതീക്ഷിതമായി ദുരിതത്തിലാഴ്ത്തിയപ്പോൾ ലോകമെമ്പാടുമുള്ള പ്രവാസികൾക്ക് ഒരു ആശ്വാസമുണ്ടായിരുന്നു- ഒന്ന് നാടെത്തിക്കിട്ടിയാൽ മതി.
നമ്മുടെ കാര്യങ്ങൾ നോക്കാൻ, ചേർത്തുപിടിക്കാൻ സർക്കാർ കൂടെയുണ്ടാവും എന്നൊരു വിശ്വാസം. പ്രവാസിയുടെ വിയർപ്പിെൻറ ബലത്തിലാണ് കഞ്ഞി കുടിച്ചു പോന്നതെന്ന് മറക്കരുത് എന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കു വേണ്ടി പടച്ചതമ്പുരാനോട് പ്രാർഥിച്ച നേരം പ്രവാസികൾക്ക് പാർട്ടിയോ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. മലയാളി എന്നു മാത്രമായിരുന്നു അവരുടെ മേൽവിലാസം.
വിമാനങ്ങൾ പറന്നു തുടങ്ങിയപ്പോൾ അവരുടെ മോഹങ്ങൾക്കും ചിറകുവെച്ചു. ജോലി നഷ്ടപ്പെട്ട് മാസങ്ങളായി മുറിയിലിരിക്കുന്നവർക്കും ജോലി അന്വേഷിച്ച് വന്ന് മടങ്ങിപ്പോകാൻ ഉൗഴം കാത്തു നിന്നവർക്കും താങ്ങാൻ കഴിയുന്നതായിരുന്നില്ല ടിക്കറ്റ് നിരക്ക്.
ബാക്കിയിരുന്ന ദിർഹമുകൾ തൂത്തുകൂട്ടിയും തന്നെപ്പോലുള്ള അർധ പട്ടിണിക്കാരിൽ നിന്ന് സ്വരൂപിച്ചും ടിക്കറ്റെടുത്താണ് പലരും മടങ്ങാനൊരുങ്ങുന്നത്. അതിനു പോലും നിവൃത്തിയില്ലാത്തവർക്ക് സാമൂഹിക-ജീവകാരുണ്യ സംഘടനകൾ സംഘടിപ്പിച്ചു നൽകി ടിക്കറ്റാണ് നാട്ടിലേക്ക് വഴി തുറന്നത്.
കയറിപ്പോന്നോളൂ, നാട്ടിൽ എത്തിയാൽ ഞങ്ങൾ നോക്കിക്കൊള്ളാം എന്ന ഒരു വാക്ക് അപ്പോഴും അവർക്ക് കരുത്തായിരുന്നു. ആദ്യ വിമാനങ്ങളിൽ നാട്ടിൽ വന്നിറങ്ങിയവർക്ക് ഒരുക്കിക്കൊടുത്ത ക്വാറൻറീൻ സൗകര്യങ്ങളെക്കുറിച്ചറിഞ്ഞ് ആ മനുഷ്യർ സമാധാനപ്പെട്ടിരുന്നു.
എന്നാൽ, ഇനി മുതൽ ക്വാറൻറീനിൽ നിൽക്കുന്നവർ, അവർ പാവങ്ങളാണെങ്കിൽ പോലും പണം നൽകണമെന്ന മുഖ്യമന്ത്രിയുടെ വർത്തമാനം കേട്ട് തരിച്ചിരിക്കുകയാണവർ.
പ്രിയപ്പെട്ട മുഖ്യമന്ത്രീ, താങ്കൾ കുറച്ചു ദിവസം മൂൻപ് നടത്തിയ വാർത്താ സമ്മേളനങ്ങളുടെ വീഡിേയാ സമയമെടുത്ത് ഒന്ന് വീണ്ടും കണ്ടുനോക്കണം. ഗൾഫ് രാജ്യങ്ങളിലെ സർക്കാറുകളും സർക്കാരിതര സംഘടനകളും നൽകി വരുന്ന അരിയും കൂബൂസും കഴിച്ച് ജീവൻ നിലനിർത്തിപ്പോരുന്ന മനുഷ്യരോടാണ് താങ്കൾ പണം വാങ്ങാൻ ഒരുങ്ങുന്നത് എന്ന് മനസിലാക്കണം.
വിദേശ രാജ്യങ്ങളിലെ സർക്കാറുകൾ ഞങ്ങളെപ്പോലുള്ള അതിഥി തൊഴിലാളികളോട് കാണിക്കുന്ന ദയാവായ്പിെൻറ നൂറിലൊരംശമെങ്കിലും എല്ലാം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയെത്തുന്ന സാധുക്കളോട് കാണിക്കണം-നൂറു കോടി പുണ്യമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.