ക്യൂൻ മേരി-2 ദുബൈയിൽ
text_fieldsദുബൈ: ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലുകളിൽ ഒന്നായ ക്യൂൻ മേരി-2 ദുബൈയിലെത്തി. ദുബൈ ഹാർബറിലാണ് ചരിത്രപ്രസിദ്ധമായ ക്യൂൻ മേരി -2 എത്തിയത്. ആദ്യമായാണ് കപ്പൽ യു.എ.ഇയിൽ എത്തുന്നത്. ദുബൈ ഹാർബറിലെ കപ്പൽ സീസണിന്റെ ഭാഗമായാണ് ക്യൂൻ മേരിയുടെ സന്ദർശനം. 1132 അടി നീളവും 131 അടി വീതിയുമുള്ള ഈ കപ്പലിന് ബ്രിട്ടീഷ് രാജവംഷവുമായി ബന്ധമുണ്ട്. ട്രാൻസ് അറ്റ്ലാന്റിക് ഓഷ്യൻലൈനർ എന്ന പ്രത്യേക പദവി വഹിക്കുന്ന ലോകത്തിലെ അപൂർവം കപ്പലുകളിൽ ഒന്നാണിത്. അറ്റ്ലാന്റിക് സമുദ്രം തരണം ചെയ്യാനുള്ള ശേഷിയാണ് ഈ പദവികൊണ്ട് ഉദ്ദേശിക്കുന്നത്.
ഇപ്പോൾ ഇത്തരം കപ്പലുകൾ നിർമിക്കുന്നില്ല. സാധാരണ കപ്പലുകളെ അപേക്ഷിച്ച് രൂപം, ഭാരം, നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എന്നിവയെല്ലാം വ്യത്യസ്തമാണ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ പ്രത്യേകത അനുസരിച്ചാണ് ഇതിന്റെ നിർമാണം. ആയിരക്കണക്കിന് യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. സുരക്ഷക്ക് മുഖ്യപ്രാധാന്യം നൽകിയാണ് നിർമിച്ചിരിക്കുന്നത്. ഒപ്പം, സുഖപ്രദമായ യാത്രയും ലക്ഷ്യമിടുന്നു.
ദുബൈയിലെ കപ്പൽ സീസൺ കഴിഞ്ഞ നവംബറിലാണ് തുടങ്ങിയത്. അടുത്ത വർഷം ജൂൺ വരെ നീളുന്ന സീസണിൽ മൂന്നു ലക്ഷത്തോളം സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യത്തെ പരിസ്ഥിതി സൗഹൃദ കപ്പലായ ഐഡ കോസ്മയാണ് ഈ സീസണിൽ ആദ്യമായി ഹാർബറിലെത്തിയത്. ആഗോള ടൂറിസം മേഖലയിൽ ദുബൈയുടെ പേര് എഴുതിച്ചേർക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നതാണ് ക്രൂസ് സീസൺ. വിമാനത്തിലെത്തുന്ന വിനോദസഞ്ചാരികൾക്കു പുറമെയാണ് വിവിധ ദേശങ്ങളിലെ കപ്പൽ യാത്രികരും ഇവിടേക്ക് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.