ചരിത്രം സഞ്ചരിക്കുന്ന റൗണ്ടെബൗട്ട്
text_fieldsഷാർജയിലൂടെ യാത്ര ചെയ്തിട്ടുള്ളവരെല്ലാം ഒരു തവണയെങ്കിലും ചുറ്റിയിരിക്കും ഹൽവാൻ മേഖലയിലെ ഖുർആൻ റൗണ്ടെബൗട്ട്. അതിെൻറ നടുവിൽ പ്രകൃതി വിരൽ തൊട്ട് ഖുർആൻ വായിക്കുന്ന രീതിയിൽ തീർത്ത കമനീയ ശിൽപം നിങ്ങൾ കണ്ടിട്ടുണ്ടാവും. ശിൽപത്തിെൻറ മുറ്റം നിറയെ നിൽക്കുന്ന വർണ പൂക്കളിൽ നിന്ന് ചരിത്രത്തിെൻറ സുഗന്ധം ശ്വസിച്ചിട്ടുണ്ടാവാം. വെറും കോൺക്രീറ്റിെൻറയും മണലിെൻറയും ഘടനകളല്ല, മറിച്ച് രാജ്യത്തിെൻറ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് സംസാരിക്കുന്ന സ്മാരകങ്ങളാണ് ഷാർജയിലെ ചത്വരങ്ങൾ.
ഖുർആൻ റൗണ്ടെബൌട്ടിെൻറ നാലുഭാഗങ്ങളിലായി അത്ര തന്നെ കെട്ടിടങ്ങളും കാണാം. പരമ്പരാഗത രീതിയിൽ തീർത്ത ഈ കെട്ടിടങ്ങളിലൊന്ന് വായനശാലയാണ്. ഗൾഫ് മേഖലയിലെ ഏറ്റവും സമ്പന്നമായ വായനശാല. മറ്റൊന്ന് സാംസ്കാരിക കൊട്ടാരമാണ്. കവിതയും കഥയും മറ്റ് സാംസ്കാരിക പൂക്കളും അവധിയില്ലാതെ വിടരുന്ന കൊട്ടാരം.
മറ്റ് രണ്ടു കെട്ടിടങ്ങളും സാഹിത്യ-സാംസ്കാരിക മേഖലകളുടെ ഉന്നമനത്തിനായി തീർത്തതാണ്. ഷാർജയുടെ സാംസ്കാരിക ചരിത്രം അടയാളപ്പെടുത്തുന്നയിടത്തെല്ലാം ഈ ചത്വരവും കെട്ടിടങ്ങളും മുൻനിരയിൽ വന്നു നിൽക്കും.
1980ൽ പണിത ഈ ചത്വരത്തിന് നടുവിൽ ആദ്യം ജ്വലിച്ചിരുന്നത് അഗ്നിയായിരുന്നു. ശൂല(ജ്വാല) എന്നായിരുന്നു അന്നതിെൻറ പേര്. ഷാർജയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിൽ സ്ഥാപിച്ചിരിക്കുന്ന വലിയ തീജ്വാലയുടെ അപകടത്തെക്കുറിച്ച് പൊതുജനങ്ങൾ ആശങ്ക പ്രകടിപ്പിച്ചതിനാൽ തീജ്വാലക്ക് ആയുസ് കുറഞ്ഞു. പ്രകൃതി വാതക പൈപ്പുലൈനുമായി ബന്ധിപ്പിച്ചായിരുന്നു തീ ആളി കത്തിയിരുന്നത്.
തുടർന്നാണ് ലോകത്തിെൻറ വെളിച്ചമായ ഖുർആൻ ആ സ്ഥാനത്ത് എത്തുന്നത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അടുത്ത സുഹൃത്തായിരുന്ന സ്പാനിഷ് വാസ്തുശിൽപിയാണ് ഇത് രൂപകൽപന ചെയ്തത്. റൗണ്ടെബൌട്ടിനോട് ചേർന്ന് ഷാർജ-ദൈദ് പാതയിൽ ഭൂഗർഭ പാത വന്നപ്പോഴും മറ്റുവികസനങ്ങൾ നടന്നപ്പോഴും റൗണ്ടെബൗട്ട് സംരക്ഷിച്ചു നിർത്തി. അത്രക്കധികം ജനങ്ങളുടെ മനസിൽ കറങ്ങുന്നുണ്ട് സാംസ്കാരിക കൊട്ടാരങ്ങൾ കാവൽ നിൽക്കുന്ന ഈ ചത്വരം. യുനെസ്കോ ലോകത്തിെൻറ പുസ്തക തലസ്ഥാനമായി ഷാർജയെ തെരഞ്ഞെടുത്തപ്പോൾ അതിെൻറ കവർ ചിത്രമായതും ഈ വെളിച്ചത്തിെൻറ ചത്വരമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.