റാക് ഹോസ്പിറ്റല്‍ ശരീരഭാരം കുറക്കല്‍ ചലഞ്ച്; താരമായി മലയാളി വനിതകള്‍
text_fieldsറാസല്‍ഖൈമ: ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ശരീര ഭാരം കുറക്കല്‍ ചലഞ്ചില്‍ വിജയികളായവര്‍ക്ക് കാഷ് പ്രൈസും ഉപഹാരങ്ങളും സമ്മാനിച്ചു. ഫിസിക്കല്‍ വിഭാഗത്തില്‍ പുരുഷന്മാരില് 30.2 കിലോ ഗ്രാം ഭാരം കുറച്ച പാകിസ്താന് സ്വദേശി അന്‍വര്‍ അലി 9000 ദിര്‍ഹമായ ഒന്നാം സമ്മാനത്തിനര്‍ഹനായി. ഇന്ത്യക്കാരനായ അക്ബര്‍ ഷാഹിദ്, ഈജിപ്ഷ്യന്‍ സ്വദേശി ഹൈതം എല്സാഫി എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി 4,400, 2100 ദിര്‍ഹം കാഷ് പ്രൈസുകള്‍ സ്വന്തമാക്കി.
ഫിസിക്കല്‍ വനിതകളുടെ വിഭാഗത്തില്‍ ആദ്യ മൂന്ന് സ്ഥാനവും ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് ശ്രദ്ധേയമായി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മുഹ്സിന കലിസം 23.3 കിലോഗ്രാം ശരീരഭാരം കുറച്ച് 6900 ദിര്‍ഹമാണ് സമ്മാനമായി നേടിയത്. തമിഴ്നാട് സ്വദേശിനി ഷഹാന റുക്സാന യസീര്‍ (19.4), തൃശൂര്‍ തൃപ്രയാര്‍ സ്വദേശിനി അമില അബ്ബാസ് മങ്ങാട്ട് (18.3) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി 3800, 1800 ദിര്‍ഹം കാഷ് പ്രൈസിന് അര്‍ഹരായി. ദുബൈയില്‍ ജോലി ചെയ്യുന്ന കുറ്റിപ്പുറം സ്വദേശി ഷഹീനിന്റെ ഭാര്യയാണ് മുഹ്സിന. ഷാര്‍ജയിലുള്ള തൃപ്രയാര്‍ സ്വദേശി അന്‍സാറിന്റെ ഭാര്യയാണ് മൂന്നാം സ്ഥാനം നേടിയ അമില. അന്‍സാറിന് ഫിസിക്കല്‍ വിഭാഗത്തില്‍ പത്താം സ്ഥാനവും നേടിയിരുന്നു.
വെര്‍ച്വല്‍ പുരുഷ വിഭാഗത്തില്‍ ഫിര്‍ദൗസ് നല്ലഡറൂ, താനി മുഹമ്മദ് അല്‍ഗഫ്രി, മുഹമ്മദ് ഇല്യാസ്, വനിതകളില്‍ വാസവി നാഗ ദിവ്യ സംഗ, ആര്‍തി രാജേഷ് ധീരജ് ലാല്‍, ജൊറിവേല് കുംലത്ത് താരിയോ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി. കൂടുതല്‍ ശതമാന കണക്കില്‍ ഭാരം കുറച്ചവരില്‍ ഫാത്തിമത്ത് സുഹ്റ, ആര്. കൃഷ്ണകുമാര്‍ എന്നിവരാണ് വിജയികള്‍. കോർപറേറ്റ് വിഭാഗത്തില്‍ റാക് കോളജ് ഓഫ് ഡെന്റല്‍ സയന്‍സ്, സ്കൂള്‍ വിഭാഗത്തില്‍ ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് ടീം, സ്കൂള്‍ ചൈല്‍ഡ് ബി.എം.ഐ ചലഞ്ച് വിഭാഗങ്ങളില്‍ റാക് ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ ചാമ്പ്യന്മാരായി. റാക് ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. റാസ സിദ്ദീഖി, റാക് ആരോഗ്യ-പ്രതിരോധ മന്ത്രാലയം ഓഫിസ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല മുഹമ്മദ് അല്‍ ശഹി, പ്രഫ. അഡ്രിയാന്‍ കെന്നഡി തുടങ്ങിയവര്‍ റാക് ഹോസ്പിറ്റലില്‍ നടന്ന സമ്മാന വിതരണ ചടങ്ങില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.