ഷാർജയിൽ ട്രാഫിക് നിയമലംഘനം പിടികൂടാൻ റഡാർ
text_fieldsഷാർജ: ടാക്സികൾക്കും ബസുകൾക്കുമായി വേർതിരിച്ച പാതകളിലൂടെ മറ്റു വാഹനങ്ങൾ കടന്നുപോകുന്നത് പിടികൂടാൻ ഷാർജയിൽ റഡാർ സംവിധാനം. അതിനൂതന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന റഡാറുകൾ വഴി മറ്റുവാഹനങ്ങൾ ഈ പാതയിൽ കയറിയ ഉടനെ വിവരം പൊലീസ് കേന്ദ്രത്തിലെത്തും. വൈകാതെ പിഴ ലഭിച്ച അറിയിപ്പ് ഡ്രൈവർക്ക് ലഭിക്കുകയും ചെയ്യും. പൊതുഗതാഗത പാതയിൽ കടക്കുന്നവർക്ക് 400 ദിർഹമാണ് പിഴ.
ഷാർജയിൽ ബസുകൾക്കും ടാക്സികൾക്കും മാത്രമായുള്ള പാതകൾ അടുത്തിടെയാണ് വ്യാപിപ്പിച്ചത്. മുമ്പ് ഇത്തരം പാതകളിൽ ചില ഇളവുകൾ നൽകിയെങ്കിലും ബദൽസംവിധാനങ്ങൾ ശക്തിപ്പെട്ടതോടെ ശക്തമായ മുന്നറിയിപ്പ് നൽകുകയും പിടികൂടാൻ റഡാറും ഒരുക്കുകയായിരുന്നു. റോളയിലെ ചില പാതകൾ ഇത്തരത്തിൽ വേർതിരിച്ചതാണ്. ബുഹൈറ കോർണിഷിൽനിന്ന് അൽ ഖാൻ റോഡിലേക്കുള്ള പാതയായ അൽ ഇന്തിേഫാദ റോഡ്, അൽ താവൂൻ റോഡിൽനിന്ന് ദുബൈ മംസാർ കോർണിഷിലേക്കുള്ള പുതിയ പാത തുടങ്ങിയ റോഡുകളിലെല്ലാം വെളുപ്പിൽ കറുത്ത അക്ഷരങ്ങളോടുകൂടിയ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ വേറെയും പൊതുഗതാഗത റോഡുകളുണ്ട്.
അത്തരം റോഡുകളുടെ തുടക്കത്തിലും ഒടുക്കത്തിലും ബോർഡുകളിൽ നിയമാവലികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവ കൃത്യമായി പാലിച്ചാൽ പിഴയിൽനിന്ന് ഒഴിവാകാം.
ഇത്തിഹാദ് റോഡിൽ 600 ദിർഹം പിഴ
ഷാർജ-ദുബൈ ഹൈവേയായ അൽ ഇത്തിഹാദ് റോഡിലെ മംസാർ ഇൻറർ ചെയിഞ്ചിൽനിന്ന് ബാഗ്ദാദ് റോഡിലേക്ക് പ്രവേശിക്കുന്ന വലതുവശ റോഡ് പൊതുഗതാഗത വാഹനങ്ങൾക്ക് മാത്രമുള്ളതാണ്.
ഈ റോഡിലൂടെ മറ്റ് വാഹനങ്ങൾ കയറിയാൽ 600 ദിർഹമാണ് പിഴ. വർഷങ്ങളായി ഈ നിയമം നടപ്പിലുണ്ടെങ്കിലും പ്രദേശത്ത് കൂറ്റൻ ബോർഡുതന്നെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അധികൃതമായി ഈ റോഡിലൂടെ പോകുന്നത് പതിവുകാഴ്ചയാണ്. ഷാർജയിൽനിന്ന് ദുബൈയിലേക്ക് പോകുന്ന ദിശയിലാണ് ഈ റോഡുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.