വിദ്യാഭ്യാസത്തിൽ സമൂല മാറ്റം; ലക്ഷ്യം ഭാവി സാധ്യതകൾ
text_fieldsദുബൈ: ഭാവി സാധ്യതകൾ മുന്നിൽകണ്ട് രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സമൂല പരിഷ്കരണം പ്രഖ്യാപിച്ച് സർക്കാർ. പുതിയ മന്ത്രിമാരെ നിയമിച്ചതടക്കമുള്ള മാറ്റങ്ങൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പ്രഖ്യാപിച്ചത്. ഭാവിയുടെ തൊഴിലിടങ്ങൾക്ക് യോജിച്ച രീതിയിൽ വിദ്യാസമ്പന്നരെ സൃഷ്ടിച്ചെടുക്കലാണ് മാറ്റങ്ങളുടെ ലക്ഷ്യം. വിദ്യാഭ്യാസ സമ്പ്രദായത്തിലുടനീളം ഘടനാപരമായ പരിവർത്തനം പുതിയ തീരുമാനത്തിലൂടെയുണ്ടാകും. സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുകയും ബാല്യകാല വ്യക്തിത്വ വികാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിയാലോചിച്ചാണ് പരിഷ്കരണവും മന്ത്രിമാരുടെ മാറ്റവും തീരുമാനിച്ചത്.
അഹമ്മദ് ബെൽഹൂൽ അൽ ഫലാസിയാണ് പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായിരിക്കുന്നത്. നിലവിൽ സംരംഭകത്വ-ചെറുകിട, ഇടത്തരം വ്യവസായ സഹമന്ത്രിയാണ് ഫലാസി. പൊതുവിദ്യാഭ്യാസ, ഭാവി സാങ്കേതികവിദ്യ സഹമന്ത്രിയായി സാറ അൽ അമീരിയെയും നിയമിച്ചു. ഇവർ നിലവിൽ അഡ്വാൻസ്ഡ് ടെക്നോളജി സഹമന്ത്രിയാണ്. യു.എ.ഇയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചുക്കാൻ പിടിച്ച സാറ അൽ അമീരിയെ പൊതുവിദ്യാലയങ്ങളെ നവീകരിക്കുന്ന സമഗ്രമായ പദ്ധതി വികസിപ്പിക്കാനാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. സാറാ അൽ മുസല്ലമിനെ പ്രാഥമിക വിദ്യാഭ്യാസ സഹമന്ത്രി. പുതുതായി പ്രഖ്യാപിച്ച ഫെഡറൽ അതോറിറ്റി ഫോർ ഏർളി എജുക്കേഷൻ വകുപ്പിന്റെ മേൽനോട്ടമാണ് ഇവർ വഹിക്കുക. ജനനം മുതൽ നാലാം ക്ലാസിൽ എത്തുന്നത് വരെ ഒരു കുട്ടിയെ പരിപാലിക്കുന്നതിനുള്ള പദ്ധതികൾ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനാണ് വകുപ്പ് രൂപവത്കരിച്ചത്.
ശൈഖ് അബ്ദുല്ല ബിൻ സായിദിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ-മാനവ വിഭവശേഷി കൗൺസിലിന്റെ പുനഃക്രമീകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് വിദ്യാഭ്യാസത്തിന്റെ ഭാവി പദ്ധതിക്ക് കൗൺസിൽ മേൽനോട്ടം വഹിക്കുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. സ്ഥാനമൊഴിയുന്ന വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അൽ മുഹൈരി എന്നിവർക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.