റെയിൽ സുരക്ഷ; പരിശോധന ക്യാമ്പുമായി ആർ.ടി.എ
text_fieldsദുബൈ: റെയിൽവേ ഗതാഗത രംഗത്ത് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റോഡ് ഗതാഗത അതോറിറ്റിയുടെ (ആർ.ടി.എ) റെയിൽ ഏജൻസി പരിശോധന ക്യാമ്പ് നടത്തി. ദുബൈ മെട്രോ റെയിൽ, റെയിൽ പാലങ്ങൾ, സ്റ്റേഷനുകൾ, തുരങ്കപാത എന്നിവിടങ്ങളിലായി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണയാണ് വിദഗ്ധ പരിശോധന നടന്നത്. റെയിൽവേ സംരക്ഷണ മേഖലകളിൽ ചെറുകിട ഔട്ട്ലറ്റുകൾക്കായി കിയോസ്കുകൾ, പുറംഭാഗത്തെ ഇരിപ്പിട ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായിരുന്നു പരിശോധന.
സംരക്ഷണ മേഖലകളിലെ ടവർ ക്രെയിനിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രത്യേക പരിശോധനകൾക്കും റെയിൽവേ ഏജൻസി രൂപംനൽകിയിരുന്നു. റെയിൽവേ സംരക്ഷണ മേഖലകളിൽ സ്ഥിതി ചെയ്യുന്ന വാർത്തവിതരണ സംവിധാനങ്ങൾക്കായുള്ള ടവറുകളും ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.
ഇത്തരം പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്ന അതിസുരക്ഷ പദ്ധതികളും ഉദ്യോഗസ്ഥർ വിലയിരുത്തി. ഇത്തരം പദ്ധതികൾ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഒരുവിധ പരിക്കുകളും ഏൽപിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി. ഗ്രീൻ, റെഡ് ലൈനുകളിലായി 53 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 89.3 കിലോമീറ്റർ നീളത്തിലുള്ള റെയിൽവേ ട്രാക്കാണ് ദുബൈ മെട്രോക്കുള്ളത്. ഇതുവഴി 129 ട്രെയിനുകൾ സർവിസ് നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.