വീണ്ടും മഴ; ബുധനാഴ്ചവരെ അസ്ഥിര കാലാവസ്ഥ
text_fieldsദുബൈ: പെരുന്നാൾ അവധി ദിനങ്ങൾ പിന്നിട്ട് വീണ്ടും ഓഫിസുകളും നിരത്തുകളും സജീവമാകുന്ന അടുത്ത ദിവസങ്ങളിൽ രാജ്യത്ത് വീണ്ടും മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദുബൈ, അബൂദബി അടക്കമുള്ള എമിറേറ്റുകളെ ബാധിക്കുന്ന ഇടിയോടുകൂടിയ മഴ പ്രതീക്ഷിക്കണമെന്നാണ് അധികൃതർ വെളിപ്പെടുത്തിയത്. ഉപരിതല ന്യൂനമർദം കാരണമായാണ് രാജ്യത്ത് വേനൽക്കാലം ശക്തമാകാനിരിക്കെ വീണ്ടും മഴയെത്തുന്നത്.
അതിനിടെ, കഴിഞ്ഞ ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴ ദുബൈയടക്കം വിവിധയിടങ്ങളിൽ ലഭിച്ചു. ഇടത്തരം മഴ അബൂദബി, ഷാർജ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലും ലഭിച്ചിട്ടുണ്ട്. ദുബൈയിൽ അൽ വർസാൻ, ഇന്റർനാഷനൽ സിറ്റി, പാം ജുമൈറ, ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്, സിലിക്കൺ ഒയാസിസ് എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. രാജ്യത്ത് മിക്ക ഭാഗങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണുള്ളത്. അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെങ്കിലും അപകടകരമായ സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഞായറാഴ്ച മുതൽ തന്നെ ചില സ്ഥലങ്ങളിൽ മഴ ലഭിച്ചേക്കാം. മിക്ക പ്രദേശങ്ങളും മേഘാവൃതവുമായിരിക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇടിമിന്നലോടെ മഴ പ്രവചിക്കപ്പെടുന്നുണ്ട്. രാത്രിയിൽ മഴ സാധ്യത 80 ശതമാനമാണെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചൊവ്വാഴ്ചയും ഇടിമിന്നലും ചെറിയ മഴയും തുടർന്നേക്കും. അതോടൊപ്പം, താപനിലയിലും കുറവ് രേഖപ്പെടുത്തും.
അടുത്ത ആഴ്ചയിൽ വളരെ വേഗത്തിൽ കാലാവസ്ഥ മാറ്റം പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറഞ്ഞു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ന്യൂനമർദം ശക്തമാവുകയും പ്രദേശങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യുകയും ചെയ്യും. ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷത്തോടൊപ്പം മിന്നലും ഇടിയും പ്രതീക്ഷിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. അസ്ഥിര കാലാവസ്ഥയുള്ള സമയത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമായിരിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.