വിവിധയിടങ്ങളിൽ മഴ; താപനില കുറഞ്ഞു
text_fieldsദുബൈ: കനത്ത ചൂടിൽ ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച ഉച്ചയോടെ മഴ ലഭിച്ചു. ചില ഭാഗങ്ങളിൽ ആലിപ്പഴ വർഷവും കാറ്റും സഹിതമാണ് മഴ അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ പെയ്തതോടെ പല ഭാഗങ്ങളിലും താപനില കുത്തനെ കുറഞ്ഞിട്ടുണ്ട്.
പ്രധാനമായും രാജ്യത്തിന്റെ കിഴക്കൻ മേഖലയിലാണ് മഴ ലഭിച്ചതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അൽ ഐനിലെ അൽ ഹൈലി, അൽ ശിക്ല പ്രദേശങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. ഇവിടങ്ങളിൽ റോഡുകളും മറ്റും മഴയിൽ മുങ്ങിയ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മഴ ശക്തമാകാൻ ക്ലൗഡ് സീഡിങ് നടത്തിയതായും റിപ്പോർട്ടുണ്ട്. മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാരും മറ്റുള്ളവരും ജാഗ്രത പാലിക്കണമെന്നും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന വേഗത പരിധികളിലെ മാറ്റം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയവും അബൂദബി പൊലീസും ആവശ്യപ്പെട്ടു.
നല്ല കാറ്റുള്ളതിനാൽ മാലിന്യങ്ങളും പറക്കുന്ന വസ്തുക്കളും സൂക്ഷിക്കാൻ വാഹനത്തിൽ വന്നിടിക്കാനും കാഴ്ച മറക്കാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അൽഐനില്‍ ചിലയിടങ്ങളിൽ മഴയിൽ ചെറിയ നാശനഷ്ടങ്ങളുണ്ടായി. അൽഐൻ നഗരത്തിൽ പട്ടാൺ മാർക്കറ്റിനോട് ചേർന്ന് നിർത്തിയിട്ട കാറുകൾക്കു മുകളിൽ വലിയ മരം മുറിഞ്ഞു വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.