മഴക്ക് ശമനം; വലിയ നാശനഷ്ടങ്ങളില്ല
text_fieldsദു ബൈ: മൂന്നുദിവസം തുടർച്ചയായി പെയ്ത മഴക്ക് ശമനമായി. രാജ്യത്തെ അസ്ഥിര കാലാവസ്ഥയുടെ സാഹചര്യം മാറിയതായി ബുധനാഴ്ച രാത്രിയോടെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(എൻ.സി.എം) പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച മുതൽ ആരംഭിച്ച മഴ ദുബൈ, ഷാർജ, അബൂദബി, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ ബുധനാഴ്ചയും തുടർന്നു. പലയിടങ്ങളിലും ശക്തമായ മഴയാണ് ബുധനാഴ്ച ലഭിച്ചത്. എന്നാൽ, മഴ കാരണം വലിയ നാശനഷ്ടങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയപ്പെട്ടിട്ടില്ല.
വിവിധ എമിറേറ്റുകളിൽ പ്രധാനപ്പെട്ട റോഡുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനം താൽക്കാലികമായി പൊലീസ് നിരോധിച്ചിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നിർത്താതെ പെയ്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടും വാദികളും രൂപപ്പെടുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ റാസൽഖൈമയിലെ മലനിരകളിലെ നീരൊഴുക്ക് ശക്തമായി വെള്ളച്ചാട്ടമായ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. യാത്രക്കാരും ഡ്രൈവർമാരും ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്ക പ്രദേശങ്ങളിൽനിന്ന് മാറിനിൽക്കാനും പൊലീസ് മുന്നറിയിപ്പ് നൽകുകയുണ്ടായി. അപകടങ്ങൾ ഒഴിവാക്കാൻ വേഗത കുറക്കാനും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിരുന്നു.
മഴയുടെ സാഹചര്യം മാറിയിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും രാവിലെയും വൈകീട്ടും മൂടൽ മഞ്ഞിനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിൽ വാഹനങ്ങൾ ശ്രദ്ധിക്കണമെന്നും ട്രാഫിക് മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ മഴ കാരണം അടച്ച റോഡുകളും പാർക്കുകളും തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് വന്നിട്ടില്ല. മഴ പൂർണമായും ശമിക്കുന്നതോടെ അടുത്ത ദിവസങ്ങളിൽ ഇവ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.