അൽഐനിലും ദുബൈയിലും മഴ
text_fieldsദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ വ്യാഴാഴ്ചയും ശക്തമായ മഴ. അൽഐനിലും ദുബൈയുടെ ചില ഭാഗങ്ങളിലുമാണ് വൈകീട്ടോടെ മഴ പെയ്തത്. പകൽ സമയത്തെ ശക്തമായ ചൂടിന് ആശ്വാസമായി താപനില കുറക്കാൻ മഴക്ക് സാധിച്ചു. അതേസമയം വാഹനമോടിക്കുന്നവരും മറ്റു യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും വാദികളിൽ നിന്ന് അകന്നുനിൽക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അസാധാരണമായ തീവ്രതയുള്ള അപകടകരമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
ദുബൈയിലെ മർഗം, അൽ ലബാബ്, ലിസൈലി, ഷാർജയിലെ അൽ ഫയ, അൽ ഐനിലെ അൽഅമീറ, അൽ ദാഹിർ തുടങ്ങിയ പ്രദേശങ്ങളിൽ സാമാന്യം കനത്ത മഴയാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്. കനത്ത മഴയുടെ സാഹചര്യത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും സുരക്ഷിതമായി വാഹനമോടിക്കാൻ അബൂദബി പൊലീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യു.എ.ഇയുടെ കിഴക്കൻ മേഖലയായ അൽഐൻ ഉൾപ്പെടെ പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രി ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടിരുന്നു.
അൽഐനിലെ താഴ്വരകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും പൊതുജനങ്ങൾ അകന്നുനിൽക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അബൂദബി പൊലീസ് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് സൈൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന സ്പീഡ് പരിധികൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ചില റോഡുകളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.