കനത്ത ചൂടിൽ ആശ്വാസമായി മഴ, ആലിപ്പഴ വർഷം
text_fieldsദുബൈ: ചൂടിൽ വെന്തുരുകുന്ന രാജ്യത്തിന് ആശ്വാസമായി ചിലയിടങ്ങളിൽ മഴയും ആലിപ്പഴ വർഷവും. കിഴക്കൻ മേഖലകളിലാണ് ചെറിയ തോതിലുള്ള മഴയും ആലിപ്പഴ വീഴ്ചയും ഉണ്ടായത്. മഴയുടെ ദൃശ്യങ്ങളും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. കിഴക്കൻ മേഖലകളിലെ ചിലയിടങ്ങളിൽ ആലിപ്പഴം വീഴുന്നത് വിഡിയോ കാണാനാവും. ഇവിടങ്ങളിൽ എൻ.സി.എം ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. വൈകീട്ട് നാലുമുതൽ ഏഴു മണിവരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഈർപ്പമുള്ള ചൂട് കാറ്റുമൂലം രൂപപ്പെടുന്ന മേഘങ്ങളാണ് മഴയിലേക്ക് നയിച്ചത്. ഇതുമൂലം 40 കിലോമീറ്റർ വേഗത്തിൽ പൊടിയും മണലും വീശാൻ ഇടയാക്കുന്ന കാറ്റിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിരുന്നു. മൂടൽ മഞ്ഞുമൂലം നേരത്തേ റെഡ് അലർട്ടും എൻ.സി.എം ചിലയിടങ്ങളിൽ പ്രഖ്യാപിച്ചിരുന്നു. ഇത് ദൃശ്യപരത കുറക്കാൻ ഇടയാക്കുമെന്നതിനാൽ രാവിലെ ആറുമുതൽ 8.30വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതിന് മുമ്പും രാജ്യത്ത് ചൂടുകാലത്ത് ഇടമഴയും പിന്നാലെ ആലിപ്പഴ വർഷവും ഉണ്ടാകാറുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം, രാജ്യത്ത് ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രി കടന്നതോടെ വേനൽക്കാലം പാരമ്യതയിലേക്ക് കടന്നു. ശനിയാഴ്ച 47 ഡിഗ്രിയാണ് ചൂട് രേഖപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥ ആയിരിക്കുമെന്നും ഞായറാഴ്ച രാവിലെ ഇതുമൂലം മഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും എൻ.സി.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.