പലഭാഗങ്ങളിലും മഴ; ജാഗ്രതക്ക് നിർദേശം
text_fieldsദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച വൈകുന്നേരത്തോടെ മഴ ലഭിച്ചുതുടങ്ങി. ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തു തുടങ്ങിയതെങ്കിലും ദുബൈ, ഷാർജ അടക്കമുള്ള മേഖലകളിലെല്ലാം മേഘാവൃതമായ അന്തരീക്ഷമാണുള്ളത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാജ്യത്ത് മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥാകേന്ദ്രം നേരത്തേ അറിയിച്ചിരുന്നു. പല ഭാഗങ്ങളിലും പൊടിക്കാറ്റും മൂടൽമഞ്ഞും റിപ്പോർട്ട് ചെയ്യപ്പെട്ടിമുണ്ട്. ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈനിലെ ചില ഭാഗങ്ങൾ, റാസൽഖൈമ എന്നിവിടങ്ങളിൽ ഇടത്തരം മഴയും ഫുജൈറയിൽ കനത്ത മഴയുമാണ് പ്രവചിക്കപ്പെടുന്നത്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും പ്രക്ഷുബ്ധമായ അന്തരീക്ഷം പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പെയ്തു തുടങ്ങുന്ന മഴ തിങ്കളാഴ്ച രാത്രിയോടെ ശമിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴയുടെ സാഹചര്യത്തിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പിൽ ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവർ നിയുക്ത വേഗപരിധി കർശനമായി പാലിക്കണം, മറ്റ് വാഹനങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിക്കുക, പെട്ടെന്നുള്ള ബ്രേക്കിങ് ഒഴിവാക്കുക, വാഹനം തിരിയുമ്പോൾ വേഗത കുറയ്ക്കുക, ദൃശ്യപരത കുറഞ്ഞാൽ റോഡിന് വശത്തേക്ക് മാറ്റിയിടുക എന്നിവ ശ്രദ്ധിക്കണമെന്നും അബൂദബി പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് പ്രസ്താവനയിൽ നിർദേശിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ പുറത്തിറങ്ങുമ്പോൾ വെള്ളപ്പൊക്ക സാധ്യതയുള്ള വാദികളിലും താഴ്വരകളിലും ജാഗ്രത പാലിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.