നിരവധി നേട്ടങ്ങളുടെ പേരാണ് 'അൽ ദാബി'
text_fieldsകഴിഞ്ഞ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകനായി അൽദാബിയെ
തിരഞ്ഞെടുത്തിരുന്നു
ആറാം വയസുകാരി 1200ലേറെ പുസ്തകങ്ങൾ വായിക്കുക, നാലാം വയസിൽ കുട്ടികളെ വായനയുടെ ലോകത്തേക്ക് പിടിച്ചുയർത്താൻ സ്വന്തമായി ഓൺലൈൻ പ്ലാറ്റ്ഫോമിന് തുടക്കം കുറിക്കുക, ഏറ്റവും പ്രായംകുറഞ്ഞ ഇമാറാത്തി സംരംഭകയായി തെരഞ്ഞെടുക്കപ്പെടുക, രണ്ട് ഭാഷകളിൽ സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി ഗിന്നസ് റെക്കോഡ് കൈവരിക്കുക... ഇങ്ങനെ വിരലിലൊതുങ്ങാത്ത നിരവധി നേട്ടങ്ങളുടെ പേരാണ് അൽ ദാബി അൽ മുഹൈരി എന്നത്.
അൽഐൻ സ്വദേശിയായ അൽ ദാബി വായനയോട് കൂട്ട് തുടങ്ങിയത് മൂന്നാമത്തെ വയസിലാണ്. അതിനും മുമ്പ് രണ്ടാം വയസിൽ മാതാവ് മൗസ അൽ ദർമകി വായിച്ചു കേൾപ്പിക്കുന്നത് താൽപര്യത്തോടെ കേൾക്കാറുണ്ടയിരുന്നു. കിട്ടുന്ന പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കാൻ ആരംഭിച്ചു. മാതാപിതാക്കൾ എല്ലാ പിന്തുണയും നൽകി കൂടെ നിന്നു. വായനയിൽ തന്നെ പ്രകൃതിയും പ്രപഞ്ചത്തിലെ വിസ്മയക്കാഴ്ചകളും പറയുന്ന പുസ്തകങ്ങളോടായിരുന്നു കൂടുതൽ പ്രിയം. നാലാം വയസിൽ പുസ്തകശാല തുടങ്ങാൻ ആഗ്രഹം ജനിക്കുമ്പോൾ 'റെയിൻബോ ചിമ്മിനി' എന്ന് പേരിടാൻ പ്രചോദനമായത് അതാകണം. ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം ഇപ്പോൾ യു.എ.ഇയിലെ വായനാ സമൂഹത്തിൽ സുപരിചിതമാണ്.
കുട്ടികൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം നൽകണമെന്നാണ് സ്വന്തം അനുഭവത്തിൽ നിന്ന് ഈ കൊച്ചു മിടുക്കി പറയുന്നത്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സഹജമായ കഴിവുകൾ പുറത്തെടുക്കാൻ സഹായിക്കും. ഇതിലൂടെ ഓരോരുത്തർക്കും ഇഷ്ടപ്പെട്ട കരിയർ ഭാവിയിൽ തെരഞ്ഞെടുക്കാൻ വഴി തെളിഞ്ഞുവരികയും ചെയ്യും -ഇപ്പോൾ ഏഴാം വയസിലെത്തിയ മിടുക്കി പറയുന്നു. വായിക്കാനും എഴുതാനും നിറം നൽകാനും ഇഷ്ടപ്പെടുന്ന അൽ ദാബി ഇപ്പോൾ കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ ഭാഷയായ കോഡിങ് പഠിക്കുകയും ചെയ്യുന്നു.
സ്വന്തമായി ഡിജിറ്റൽ പുസ്തശാല തുടങ്ങുന്നതിന് മുമ്പ് തന്നെ ബിസിനസിൽ പ്രത്യേക താൽപര്യം അൽദാബി കാണിച്ചിരുന്നു. തന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി സമ്മാനങ്ങൾ, പ്രത്യേകിച്ച് പുസ്തകങ്ങളും കളിപ്പാട്ടങ്ങളും, കൈകൊണ്ട് പാക്ക് ചെയ്ത് നൽകാൻ ചെറുപ്പം മുതൽ ഇഷ്ടമായിരുന്നു. വായനക്കും സമ്മാനങ്ങൾ നൽകാനുമുള്ള താൽപര്യം തിരിച്ചറിഞ്ഞ മാതാപിതാക്കൾ 8000ദിർഹം മൂലധനമിറക്കിയാണ് 'റെയിൻബോ ചിമ്മിനി'ക്ക് തുടക്കമിടുന്നത്.
കൂടുതൽ ആവശ്യക്കാർ പുസ്തകങ്ങൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചാൽ ബിസിനസ് വിപുലപ്പെടുത്താൻ മാതാപിതാക്കൾക്ക് തുടക്കം മുതൽ ആലോചനയുണ്ടായിരുന്നു. തുടക്കം മുതൽ തന്നെ ഉപഭോക്താക്കളിൽ നിന്ന് നല്ല പ്രതികരണം ലഭിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ പണം നിക്ഷേപിച്ചു. ബിസിനസിൽ നിന്നുള്ള വരുമാനം ഇതിലേക്ക് തന്നെ നിരന്തരം വീണ്ടും നിക്ഷേപിച്ച് വലിയ രീതിയിൽ ഇപ്പോൾ ഈ പ്ലാറ്റ്ഫോം വളർന്നു കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകനായി അൽദാബിയെ തിരഞ്ഞെടുത്തിരുന്നു. ഈ വർഷം മേളയിൽ അൽ ദാബിയുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള തയാറെടുപ്പിലാണിപ്പോൾ. നിലവിൽ എണ്ണായിരത്തോളം ഉപഭോക്താക്കളെ നേടിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കൂടുതൽ ഉയർച്ചകളിലേക്ക് വളരാനുള്ള തയാറെടുപ്പിലാണ് ഇമാറാത്തിന്റെ ഈ കൊച്ചുമിടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.