മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിര്‍ഹം നഷ്ടപരിഹാരം
text_fieldsഷാർജ: കഴിഞ്ഞ ഏപ്രിലിലുണ്ടായ മഴക്കെടുതിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായ 1806 താമസക്കാര്‍ക്ക് 4.9 കോടി ദിര്‍ഹം നഷ്ടപരിഹാരം നല്കാന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുമതി നല്കി. മഴയില്‍ വീടുകള്‍ തകര്‍ന്ന വ്യക്തികള്‍ക്ക് 50,000 ദിര്‍ഹം വീതം നഷ്ടപരിഹാരം നല്കാന് രണ്ടു മാസം മുമ്പ് ഭരണാധികാരി ഉത്തരവിട്ടിരുന്നു.
വീടുകളില്‍ ചോര്‍ച്ചയും മറ്റ് ബാഹ്യമായ നാശനഷ്ടങ്ങളും നേരിട്ടവര്‍ക്ക് 25,000 ദിര്‍ഹം വീതം ഒറ്റത്തവണ സഹായം നല്‍കും. ഇത്തരത്തില്‍ 1568 അപേക്ഷകള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഷാര്‍ജയിലെ എല്ലാ പ്രദേശങ്ങളിലുമായി മഴക്കെടുതിയുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച 117 കേസുകളിലായി 50,000 ദിര്‍ഹം വീതമാണ് നഷ്ടപരിഹാരമായി നല്‍കുക.
ഷാര്‍ജക്ക് പുറത്ത് താമസിക്കുന്ന ദുരിതബാധിതരായ വ്യക്തികളില്‍നിന്നും 83 അപേക്ഷകളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് വീടുകളില്‍നിന്ന് മാറിത്താമസിച്ചവര്‍ക്കും അവരുടെ വീട്ടുപകരണങ്ങള്‍ നശിച്ച വകയില്‍ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ 38 കേസുകളാണ് അധികൃതര്‍ക്ക് മുമ്പാകെയെത്തിയത്. അറ്റക്കുറ്റപ്പണി നടത്തി വീടുകള്‍ പുതുക്കിപ്പണിയാന്‍ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുകയാണ് അധികൃതരുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.