മഴക്കെടുതി: ഒരാഴ്ചക്കകം അറ്റകുറ്റപ്പണി പദ്ധതി സമർപ്പിക്കാൻ നിർദേശം
text_fieldsദുബൈ: ഏപ്രിൽ 16,17 തീയതികളിൽ രാജ്യത്താകമാനം പെയ്തിറങ്ങിയ മഴയിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി ഒരാഴ്ചക്കകം അറ്റകുറ്റപ്പണികൾ നടപ്പാക്കുന്നതിനുള്ള പദ്ധതി സമർപ്പിക്കാൻ നിർദേശം. നാശനഷ്ടങ്ങൾ വിലയിരുത്താൻ യു.എ.ഇ മന്ത്രിസഭ നിശ്ചയിച്ച കമ്മിറ്റിക്കാണ് യു.എ.ഇ ഊർജ, അടിസ്ഥാന സൗകര്യ വകുപ്പ് മന്ത്രി സുഹൈൽ അൽ മസ്റൂയി നിർദേശം നൽകിയത്. കമ്മിറ്റി കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയിൽ ആദ്യ യോഗം ചേർന്നിരുന്നു. ഇതിലാണ് നടപടികൾ വേഗത്തിലാക്കാനും പദ്ധതികൾ രൂപപ്പെടുത്താനും നിർദേശിച്ചിട്ടുള്ളത്.
റോഡുകൾ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ, ഡാമുകൾ എന്നിവയടക്കമുള്ള സംവിധാനങ്ങളുടെ സ്ഥിതിയാണ് കമ്മിറ്റി വിശകലനം ചെയ്യുന്നത്. വിവിധ ഫെഡറൽ, പ്രദേശിക സ്ഥാപനങ്ങളിൽ നിന്നുള്ള അംഗങ്ങൾ അടങ്ങിയതാണ് കമ്മിറ്റി. നാശനഷ്ടങ്ങളുടെ കണക്ക് വിലയിരുത്തി പദ്ധതി രൂപപ്പെടുത്താനാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദേശം.
കമ്മിറ്റിയിൽ നാല് ടെക്നിക്കൽ സമിതികൾ രൂപപ്പെടുത്തിയിട്ടുണ്ട്. റോഡ്, അടിസ്ഥാന സൗകര്യം എന്നിവക്ക് ഒരു സമിതിയും ഭവനം, സ്വത്തുവകകൾ എന്നിവ പഠിക്കാൻ മറ്റൊരു സമിതിയും ഡാമുകൾക്കും മറ്റു ജലവിഭവ സൗകര്യങ്ങളും വിലയിരുത്താനുള്ള സമിതിയും ഊർജ, ജല സൗകര്യങ്ങൾ സംബന്ധിച്ച് പഠിക്കുന്ന സമിതിയുമാണിത്.
അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വീണ്ടെടുക്കൽ ഉറപ്പാക്കുകയും കാലാവസ്ഥ അസ്ഥിരതയിലും അടിയന്തര സാഹചര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്ന പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുകയുമാണ് കമ്മിറ്റിയുടെ ലക്ഷ്യമെന്ന് മന്ത്രി അൽ മസ്റൂയി പറഞ്ഞു. വിവിധ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് മന്ത്രാലയം, പൗരന്മാരുടെ വീടുകളുടെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ആരംഭിക്കുകയും അവർക്ക് സഹായവും ലോജിസ്റ്റിക് പിന്തുണയും നൽകുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാമുകളുടെയും വെള്ളം ഒഴുകുന്ന പാതകളുടെയും കാര്യത്തിൽ പഠനം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധരുടെ ഒരു സംഘത്തെ ചുമതലപ്പെടുത്തിയതായും അതുവഴി ഭാവിയിലെ അതിതീവ്ര കാലാവസ്ഥ മാറ്റങ്ങളുടെ സാഹചര്യം നേരിടാനാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. മഴക്കെടുതി ബാധിച്ച സ്വദേശികളെ സഹായിക്കുന്നതിന് യു.എ.ഇ കഴിഞ്ഞ ബുധനാഴ്ച 200കോടി ദിർഹമിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.