മഴക്കെടുതി: വെള്ള, വൈദ്യുതി തടസ്സങ്ങൾ നീക്കുന്നത് അതിവേഗം
text_fieldsദുബൈ: കഴിഞ്ഞ ആഴ്ചയിലെ മഴയെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശ്രദ്ധയിൽപെട്ട കുടിവെള്ള, വൈദ്യുതി തടസ്സങ്ങൾ അതിവേഗം പരിഹരിച്ചു വരുന്നതായി അധികൃതർ അറിയിച്ചു. അതോടൊപ്പം മഴവെള്ളം കൂടിക്കലർന്നതിനെ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ സുരക്ഷ ഉറപ്പുവരുത്തിയതായി ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഇതുസംബന്ധിച്ച് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയവുമാണ് സംയുക്ത പ്രസ്താവന നടത്തിയത്.
രാജ്യത്തിന്റെ വളരെ ചുരുക്കം പ്രദേശങ്ങളിലാണ് മഴവെള്ളം കൂടിക്കലരുന്ന രീതിയിൽ ഭൂഗർഭ ടാങ്കുകളിൽ ലീക്കുകൾ ഉണ്ടായതെന്നും പ്രസ്താവനയിൽ പറഞ്ഞു. വിദഗ്ധരുടെ സംഘം ടാങ്കുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ഉപഭോഗത്തിന് അനുയോജ്യമാണോയെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്ന അംഗീകൃത ലബോറട്ടറികളിൽ പരിശോധന നടത്തിയാണ് ഇത് ചെയ്തിട്ടുള്ളത്. മിശ്രജലം കാരണം രോഗികളായ ചുരുക്കം ആളുകൾക്ക് ആവശ്യമായ ചികിത്സ നൽകുകയും അവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട് -പ്രസ്താവന വ്യക്തമാക്കി.
പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി മഴക്കെടുതി ബാധിത പ്രദേശങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളും മന്ത്രാലയങ്ങൾ പുറത്തിറക്കിട്ടുണ്ട്. മലിനമായ വസ്തുക്കൾ അടങ്ങിയേക്കാവുന്ന വെള്ളക്കെട്ടുകളിൽ നടക്കുകയോ നീന്തുകയോ ചെയ്യുന്നത് ഒഴിവാക്കണം.
കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും പ്രജനന കേന്ദ്രമായേക്കാവുന്ന കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. വെല്ലുവിളികൾ നേരിടുന്നതിൽ സജീവമായി ഇടപെട്ട അടിയന്തര, ദുരന്തനിവാരണ ടീമുകൾ, ബന്ധപ്പെട്ട അധികാരികൾ, സ്പെഷലിസ്റ്റ് ടീമുകൾ എന്നിവരുടെ ശ്രമങ്ങളെ രണ്ട് മന്ത്രാലയങ്ങളും അഭിനന്ദിച്ചു.
മഴക്കെടുതി ബാധിച്ച സ്ഥലങ്ങളിൽ പാർക്കിങ് ഫീസ് ഈടാക്കില്ല
ഷാർജ: എമിറേറ്റിലെ മഴക്കെടുതി ബാധിച്ച സ്ഥലങ്ങളിൽ സാധാരണ നില കൈവരിക്കുന്നത് വരെ പാർക്കിങ് ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയുടെ ഘട്ടത്തിൽ പാർക്കിങ് ലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നും ഷാർജ മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു.
പാർക്കിങ് ഫീസ് അടക്കാതിരുന്നാലുള്ള പിഴ, ഒന്നിലേറെ പാർക്കിങ് സ്ലോട്ടുകൾ റിസർവ് ചെയ്താലുള്ള പിഴ, റിസർവ് ചെയ്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്താലുള്ള പിഴ എന്നിവയാണ് ഒഴിവാക്കുക. നേരത്തെ മഴക്കിടെ സംഭവിച്ച എല്ലാ ഗതാഗത ലംഘനങ്ങളും ഷാർജ പൊലീസ് റദ്ദാക്കിയിരുന്നു.
തിങ്കളാഴ്ച മുതൽ ഷാർജയിൽ സ്കൂളുകളിൽ നേരിട്ട് ക്ലാസ്
ഷാർജ: മഴക്കെടുതിയെ തുടർന്ന് വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറിയ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ഷാർജയിൽ നേരിട്ട് സ്കൂളുകളിൽ പുനരാരംഭിക്കും.
ഏപ്രിൽ 15 തിങ്കളാഴ്ചയാണ് എമിറേറ്റിൽ രണ്ടുദിവസത്തെ വിദൂര പഠനത്തിന് നിർദേശം നൽകിയത്. 16ന് പെയ്ത മഴയിൽ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയതോടെ പിന്നീട് ഇത് നീട്ടുകയായിരുന്നു. ഏകദേശം രണ്ടാഴ്ചയോളം നീണ്ട വിദൂര പഠനത്തിന് ശേഷമാണ് എമിറേറ്റിൽ വീണ്ടും സ്കൂളുകൾ സജീവമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.