റാക് ഹോസ്പിറ്റല്‍ ഡയബറ്റിക് ചലഞ്ച്: സമ്മാനം വിതരണം ചെയ്തു
text_fieldsറാസല്‍ഖൈമ: പ്രമേഹരോഗ ബോധവത്കരണം ലക്ഷ്യമാക്കി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ഡയബറ്റിക് ചലഞ്ചിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കാറ്റഗറികളിൽ മലയാളികളും ജേതാക്കളായി. ഫിസിക്കല്‍ കാറ്റഗറിയില്‍ പുരുഷ വിഭാഗത്തില്‍ ഷാര്‍ജയില്‍ നിന്നുള്ള 58കാരനായ ബ്രിട്ടീഷ് പൗരനും അധ്യാപകനായ ബഹാവുദ്ദീന്‍ സയ്യിദ്, വനിത വിഭാഗത്തില്‍ അബൂദബിയില്‍നിന്നുള്ള പാകിസ്താന് സ്വദേശിനി സൈറ വസീം മാലിക് എന്നിവര്‍ 5000 ദിര്‍ഹം കാഷ് പ്രൈസ് നേടി. റിസ്വാന് റാഹത്ത്, മിഖായേല്‍ ഫോംലസ് മസ്കറിന (പുരുഷന്), ലൂര്‍ദസ് മപോയ് ദിമൗനഹന്, സപാന ജോഷി (വനിത) എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി 3000, 2000 ദിര്‍ഹം കാഷ് പ്രൈസുകള്‍ സ്വന്തമാക്കി. വെർച്വല്‍ കാറ്റഗറിയില്‍ മലയാളി കുടുംബിനികളായ സിന്ധു ജോര്‍ജ് ബോസ്കോ, സറീന ബീഗം, പഞ്ചാബ് സ്വദേശിയായ പരംപ്രിത്ത്കൗര് ഹര്കിവത്ത് സിങ്ങുമാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനക്കാര്‍.
കോർപറേറ്റ് കാറ്റഗറിയില്‍ സ്റ്റീവന്‍ റോക്ക്, സഖര്‍ പോര്‍ട്ട് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് മൂന്നുമാസം നീണ്ട റാക് ഹോസ്പിറ്റല്‍ ഡയബറ്റിക് ചലഞ്ച് എന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. റാസാ സിദ്ദീഖി അഭിപ്രായപ്പെട്ടു. ചലഞ്ചില്‍ പങ്കെടുത്തവരില്‍ രണ്ടു മുതല്‍ 11 കിലോ ഗ്രാം വരെ ശരീരഭാരം കുറച്ചവരുണ്ട്. ആഴ്ചതോറും റാക് ഹോസ്പിറ്റല്‍ വിദഗ്ധര്‍ നല്കുന്ന നിർദേശങ്ങള്‍ പിന്തുടര്ന്നാണ് വിവിധ എമിറേറ്റുകളില്‍നിന്ന് മൂവായിരത്തോളം പേര് ചലഞ്ചില്‍ പങ്കാളികളായത്.
40,000 ദിര്‍ഹം വിലമതിക്കുന്ന സമ്മാനങ്ങളാണ് വിജയികള്‍ക്ക് വിതരണം ചെയ്തത്. ആരോഗ്യമുള്ള സമൂഹമെന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തിലൂന്നിയാണ് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനുതകുന്ന പരിപാടികളുമായി റാക് ഹോസ്പിറ്റല്‍ മുന്നോട്ടുപോകുന്നതെന്നും റാസാ സിദ്ദീഖി പറഞ്ഞു. റാക് ആരോഗ്യ മന്ത്രാലയം ഓഫിസ് ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല മുഹമ്മദ് അല്‍ ഷെഹി, അറേബ്യന്‍ വെല്‍നസ് ആൻഡ് ലൈഫ് സ്റ്റൈല്‍ മാനേജ്മെന്റ് ചീഫ് വെല്‍നസ് ഓഫിസര്‍ പ്രഫ. അഡ്രിയാന്‍ കെന്നഡി തുടങ്ങിയവര്‍ പങ്കെടുത്തു.വര്‍ഷങ്ങളായി യു.എ.ഇയില്‍ കഴിയുന്ന തങ്ങള്‍ ആദ്യമായാണ് ഇത്തരമൊരു ചലഞ്ചില്‍ പങ്കെടുക്കുന്നതും സമ്മാനം കരസ്ഥമാക്കുന്നതെന്നും ദുബൈയില്‍നിന്നുള്ള തൃശൂര്‍ സ്വദേശിനി സിന്ധു ജോര്‍ജ് ബോസ്കോയും അബൂദബിയില്‍നിന്നുള്ള കൊല്ലം നിലമേല്‍ സ്വദേശിനി സറീന ബീഗം ഷാരോണും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.