റാക് സംയോജിത റിസോര്‍ട്ട്; അടിസ്ഥാന പ്രവൃത്തികള്‍ പൂര്‍ത്തിയായി
text_fieldsറാസല്‍ഖൈമ: റാക് അല്‍ മര്‍ജാനില്‍ 14.3 ശതകോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന സംയോജിത റിസോര്‍ട്ട് പദ്ധതിയായ വൈന്‍ റിസോര്‍ട്ടിന്റെ അടിസ്ഥാന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി സി.ഇ.ഒ ക്രെയ്ഗ് ബില്ലിംഗ്സ്.
നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യു.എ.ഇയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട വിനോദ സഞ്ചാര കേന്ദ്രമായി വൈന്‍ റിസോര്‍ട്ട് മാറും.മിഡില്‍ ഈസ്റ്റ് ആൻഡ് നോര്‍ത്ത് ആഫ്രിക്ക (മിന) റീജനിലെ വൈന്‍ റിസോര്‍ട്ടിന്റെ ആദ്യ സംരംഭം ഓഹരി ഉടമകള്‍ക്ക് ദീര്‍ഘകാല വരുമാനം നല്‍കുന്നതാകും. 2027 ആദ്യപാദത്തില്‍ റാക് വൈന്‍ റിസോര്‍ട്ട് പ്രവര്‍ത്തനസജ്ജമാകുമെന്നും ക്രെയ്ഗ് ബില്ലിംഗ്സ് വ്യക്തമാക്കി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം വിനോദ സ്ഥലങ്ങള്‍, പത്തിലേറെ റസ്റ്റാറന്റുകള്‍, കണ്വെന്ഷന് സെന്റര്‍, സ്പാ സെന്റര്‍, ഷോപ്പിങ് മാള്‍, ആയിരത്തിലേറെ മുറികളുള്ള ആഡംബര ഹോട്ടല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വൈന്‍ റിസോര്‍ട്ടിന്റെ ആഗോളതലത്തിലുള്ള പ്രഥമ ബീച്ച് റിസോര്‍ട്ട് ആണ് റാസല്‍ഖൈമയില്‍ ഒരുങ്ങുന്നത്. വിനോദ-തൊഴില്‍ വിപണിയിലും പ്രാദേശിക സമ്പദ് വ്യവസ്ഥക്കും ഉണര്‍വ് നല്കുന്ന പദ്ധതിയായാണ് റാസല്‍ഖൈമയിലെ വമ്പന്‍ പദ്ധതിയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. നിക്ഷേപകരും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്നയിടമാണ് റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ ഐലന്റ്.
നാലര കിലോ മീറ്ററോളം കടല്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മനുഷ്യനിര്‍മിത പവിഴ ദ്വീപ്. ബ്രീസ്, ട്രഷര്‍, ഡ്രീം, വ്യൂ എന്നിങ്ങനെയാണ് ദ്വീപുകളെ നാമകരണം ചെയ്തിരിക്കുന്നത്.
2.8 ലക്ഷം ചതുരശ്ര വിസ്തൃതിയുള്ള പ്രദേശം റാസല്‍ഖൈമയുടെ റവന്യൂ നേട്ടത്തിന്റെ മുഖ്യയിടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.