പുണ്യമാസം സുരക്ഷിതമാക്കാന്‍ റാക് പൊലീസ് കര്‍മപദ്ധതി
text_fieldsറാസല്‍ഖൈമ: സുരക്ഷിതമായ റമദാന്‍ മാസാചരണത്തിന് കര്‍മപദ്ധതി തയാറാക്കിയതായി കോംപ്രഹന്‍സിവ് സിറ്റി പൊലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ യൂസുഫ് അബ്ദുല്ല അല്‍ തനൈജി. മീഡിയ ഓഫിസിന്‍റെയും ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെയും സഹകരണത്തോടെ റാക് പൊലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വാച്ചിങ് ഐ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുണ്യമാസത്തെ സ്വാഗതം ചെയ്യുന്നതിനും ജനങ്ങളുടെയും അവരുടെ പൊതു-സ്വകാര്യ സ്വത്തുക്കളുടെയും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. സാമൂഹിക സുരക്ഷയും ജീവിത നിലവാരവും ഉറപ്പുവരുത്തുന്നതിനും ആരോഗ്യകരമല്ലാത്ത കാര്യങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള പദ്ധതികള്‍ വികസിപ്പിച്ചെടുത്തു. ഭിക്ഷാടനവും വഴിയോരക്കച്ചവടവും ഒഴിവാക്കും.
എല്ലാ റോഡുകളിലും പൊലീസ് പട്രോളിങ് ശക്തമാക്കും. ഭിക്ഷാടനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. യുവാക്കളുടെ ക്രമരഹിതമായ ഒത്തുചേരലുകള്‍, രാത്രി വൈകിയുള്ള കുടുംബ സംഗമങ്ങള്‍ തുടങ്ങിയവ നിയന്ത്രിക്കും. വ്യവസായ മേഖലകള്‍, റോഡുകള്‍, പൊതു ചത്വരങ്ങള്‍ എന്നിവിടങ്ങളില്‍ പട്രോളിങ് സേനയുടെ സേവനം വര്‍ധിപ്പിക്കും. വാഹനങ്ങളിലുള്ള പട്രോളിങ്ങിന് പുറമെ കാല്‍നടയായും പൊലീസ് പട്രോളിങ് വിഭാഗത്തിന്‍റെ നിരീക്ഷണമുണ്ടാകും.
72 ട്രാഫിക് പട്രോളുകള്‍ റാസല്‍ഖൈമയിലെ വിവിധ ഭാഗങ്ങളില്‍ സേവനനിരതരാകുമെന്ന് ട്രാഫിക് ആൻഡ് പട്രോള്‍ വകുപ്പ് തലവന്‍ ലഫ്റ്റനന്‍റ് കേണല്‍ സാലെം മുഹമ്മദ് ബുര്‍ഗിബ പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും യാത്ര സുഗമമാക്കുന്നതിനും പൊലീസ് പട്രോളിങ് വിഭാഗം പ്രവര്‍ത്തിക്കും. ഇഫ്താര്‍ സമയങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണം. നിയമപരമായ വേഗപരിധി പാലിക്കണം. നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും. എല്ലാ വിഭാഗം ആളുകളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചാല്‍ പുണ്യമാസം സുരക്ഷിതമാക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.