സുസ്ഥിര സുരക്ഷ ലക്ഷ്യമിട്ട് റാക് പൊലീസ് നേതൃതല ഫോറം
text_fieldsറാസല്‍ഖൈമ: 2026ഓടെ ലോകത്തിലെ മികച്ച സുരക്ഷിത രാജ്യമെന്ന പദവി കൈവരിക്കുകയെന്ന യു.എ.ഇയുടെ പ്രഖ്യാപിത ലക്ഷ്യത്തിലൂന്നി റാസല്‍ഖൈമയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃതല വാര്‍ഷിക സിമ്പോസിയം നടന്നു. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമി, ജനറല്‍ ഡയറക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി 800ഓളം പേര് പങ്കാളികളായ ഫോറത്തില്‍ സുസ്ഥിരമായ സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ച.
സര്‍വ മേഖലകളിലും സേനാംഗങ്ങള്‍ കാര്യക്ഷമതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല പറഞ്ഞു. നൂതന -സ്മാര്‍ട്ട് സാങ്കേതിക സംവിധാനങ്ങള്‍ക്കുപുറമെ വിദഗ്ധരും അനുഭവ പരിജ്ഞാനവുമുള്ളവരുമാണ് സേനയിലെ അംഗങ്ങളും ജീവനക്കാരും.
സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയില്‍ കേന്ദ്രീകരിച്ച് ടീം സ്പിരിറ്റോടെയാണ് പൊലീസിന്റെ പ്രവര്‍ത്തനം. വിവിധ വകുപ്പുകളുമായുള്ള ഏകോപനം കുറ്റവാളികളെ വേഗത്തില്‍ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായിക്കുന്നുണ്ട്. വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷിതമായ ജീവിത നിലവാരം നിലനിര്‍ത്തുന്നതില്‍ പൊലീസ് സേന പ്രതിജ്ഞാബദ്ധമാണ്. സ്മാര്‍ട്ട്-ഡിജിറ്റല്‍ പദ്ധതികള്‍ പ്രയോഗവത്കരിക്കുന്നതിന് ജീവനക്കാര്‍ക്കൊപ്പം പൊതുജനങ്ങളുടെയും സഹകരണം വിലപ്പെട്ടതാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രപരമായ പുതിയ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് സമൂഹത്തിന്റെ പിന്തുണ വിലപ്പെട്ടതാണെന്നും അലി അബ്ദുല്ല അഭിപ്രായപ്പെട്ടു. ജി.ആര്.എ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ അഹമ്മദ് തായര്‍, ഇവന്റ്സ് ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്മാന് കേണല്‍ യൂസഫ് അബ്ദുല്ല അല്‍ തനൈജി തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.