പുതുവത്സരാഘോഷത്തിന് സുരക്ഷ ശക്തമാക്കി റാക്
text_fieldsറാസല്‍ഖൈമ: ഗിന്നസ് റെക്കോഡിട്ട കരിമരുന്ന് വിരുന്നൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന റാസല്‍ഖൈമയില്‍ വിപുല സുരക്ഷാ ക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം. ലോക റെക്കോകള് രേഖപ്പെടുത്തപ്പെടുന്ന അല്‍ മര്‍ജാന്‍ ഐലനഡിലെ ആഘോഷ രാവില്‍ ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ അധ്യക്ഷത വഹിച്ച് റാക് പൊലീസ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തായ്ര്‍ പറഞ്ഞു.
നിലവിലുള്ള വാഹന പാര്‍ക്കിങ് സൗകര്യത്തിനുപുറമെ 25,000ലേറെ വാഹനങ്ങളെ ഉള്‍ക്കൊള്ളുന്ന പാര്‍ക്കിങ് ഏരിയയും സജ്ജമായിക്കഴിഞ്ഞു. സുരക്ഷക്കായി സ്മാര്‍ട്ട് നിരീക്ഷണ സംവിധാനങ്ങള്‍ക്കൊപ്പം 107 സുരക്ഷാ പട്രോളിങ്, ഏഴ് ആംബുലന്‍സുകള്‍, ഒരു ഹെലികോപ്ടര്‍, നാല് ഓപറേറ്റിങ് റൂമുകള്‍, 402 പൊലീസ് ഉദ്യോഗസ്ഥര്‍, നാല് റസ്ക്യൂ ബോട്ടുകള്‍, 404 സ്വകാര്യ സുരക്ഷാ കമ്പനികള്‍, 10 സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, 10 സൈക്കിളുകള്‍, മൂന്ന് ക്രെയിനുകള്‍, ആറ് ഡ്രോണുകള്‍, 12 വാഹന ടഗ്ഗുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതുവര്‍ഷത്തലേന്ന് വൈകീട്ട് രണ്ട് മുതല്‍ വിവിധ കലാ പരിപാടികള്‍ക്ക് അല്‍ മര്‍ജാന്‍ ഐലൻഡില്‍ തുടക്കമാകും. ഇരട്ട ഗിന്നസ് നേട്ടമാണ് റാസല്‍ഖൈമയിലെ പുതുവര്‍ഷരാവിനെ വേറിട്ടതാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളാകും ലോകത്തിനുമുന്നില്‍ റാസല്‍ഖൈമ ഒരുക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. പുതിയ കോറിയോഗ്രഫി ഘടകങ്ങളും സാങ്കേതികതകളും സമന്വയിപ്പിച്ചാണ് അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനുമിടയില്‍ നാലര കിലോ മീറ്റര്‍ കടല്‍തീരത്ത് പുതിയ റെക്കോഡുകളോടെ പ്രകാശവര്‍ണങ്ങളില്‍ കരിമരുന്ന് വിരുന്ന് നടക്കുക. ഉച്ചക്ക് രണ്ട് മുതല്‍ പുതുവര്‍ഷ ദിനം പുലര്‍ച്ച രണ്ട് വരെ നീളുന്നതാകും മര്‍ജാന്‍ ദ്വീപിലെ പുതുവര്‍ഷാഘോഷം. യു.എ.ഇയിലെ മികച്ച കലാ കാരന്മാരുടെയും അവതാരകരുടെയും സാന്നിധ്യം സന്ദര്‍ശകരില്‍ ആവേശം നിറക്കും.
സൗജന്യ ഗാനവിരുന്ന്, കുട്ടികള്‍ക്ക് പ്രത്യേക വിനോദ പരിപാടികള്‍, ഫുഡ് ട്രക്കുകള്‍, യുവാക്കളെയും കുടുംബങ്ങളെയും ഒരുപോലെ സംതൃപ്തരാക്കുന്ന വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങളോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേല്‍ക്കുക.
അടിയന്തര സഹായങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്ക് 901, 999 പൊലീസ്, 998 ആംബുലന്‍സ്, 997 സിവില്‍ ഡിഫന്‍സ്, 8001700 ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, 07 2054414 ജസീറ പൊലീസ് സ്റ്റേഷന് നമ്പറുകളില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.