യു.എ.ഇയിൽ റമദാൻ കാമ്പയിന് തുടക്കം
text_fieldsദുബൈ: റമദാൻ വ്രതമെടുക്കുന്നവർ ഉൾപ്പെടെ രാജ്യത്തിനകത്തും പുറത്തുമുള്ള ദരിദ്ര ജനവിഭാഗത്തെ സഹായിക്കാൻ ലക്ഷ്യമിട്ട് യു.എ.ഇയിലെ ജീവകാരുണ്യ സംഘടനയായ ദാറുൽ ബിർറ് സൊസൈറ്റി റമദാൻ കാമ്പയിൻ ആരംഭിച്ചു. 16 കോടി ദിർഹം സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ദാറുൽ ബിർറ് സൊസൈറ്റി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ സി.ഇ.ഒ ഡോ. മുഹമ്മദ് സുഹൈൽ അൽ മുഹൈരി പറഞ്ഞു. യു.എ.ഇ ഭരണാധികാരികളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ റമദാനിലും ധനസമാഹരണത്തിനായി ദാറുൽ ബിർറ് സൊസൈറ്റി റമദാൻ കാമ്പയിൻ നടത്താറുണ്ട്. ‘നൻമേച്ഛുക്കളെ മുന്നോട്ടുവരൂ’ എന്നതാണ് ഇത്തവണത്തെ കാമ്പയിൻ തലക്കെട്ട്.
റമദാൻ വ്രതമെടുക്കുന്നവർ, അനാഥർ, രോഗികൾ, വിധവകൾ, കടബാധ്യതയുള്ളവർ, പാവപ്പെട്ടവർ, ദുർബല വിഭാഗങ്ങൾ എന്നിവരെ സഹായിക്കുകയാണ് കാമ്പയിന്റെ ദൗത്യം. നാല് സീസണൽ പദ്ധതികൾ ഉൾപ്പെടെ 16 പദ്ധതികളും സംരംഭങ്ങളും അടങ്ങിയതാണ് റമദാൻ കാമ്പയിൻ. ഈ വർഷം യു.എ.ഇയിൽ ആകെ കണക്കാക്കിയ ചെലവ് 51,50,000 ദിർഹമാണ്. ഇതിൽ 3,66,450 വ്യക്തികൾക്ക് പ്രയോജനം ലഭിക്കും. അതേസമയം രാജ്യത്തിന് പുറത്തെ ചെലവ് 47,73,750 ദിർഹമാണ്. ഇതിൽ 5,79,853 ഗുണഭോക്താക്കൾക്ക് സഹായം നൽകും.
23 ഏരിയകളിലായി 3,24,000 പേർക്ക് ദിവസവും ഭക്ഷണമെത്തിക്കുന്ന പദ്ധതിയാണ് സീസണൽ റമദാൻ പദ്ധതി. യു.എ.ഇയിൽ നോമ്പുകാരായ 10,80,000 പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പദ്ധതി വഴി രാജ്യത്തിന് പുറത്ത് 281,256 പേർക്ക് സഹായം എത്തിച്ചു. പാകം ചെയ്ത ഭക്ഷണം ഉൾപ്പെടെയുള്ള പാക്കറ്റ് ശരാശരി അഞ്ചു പേർക്ക് കഴിക്കാവുന്ന രീതിയിലാണ് ഒരുക്കുന്നത്.
ഇത്തണ ഫിത്വർ സകാത് പോലുള്ള വിവിധ പദ്ധതികളും റമദാൻ കാമ്പയിനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫിത്വർ സകാത് വഴി രാജ്യത്തിനകത്ത് 7,700 ഗുണഭോക്താക്കൾക്ക് 10 ലക്ഷം ദിർഹമിന്റെ സഹായം എത്തിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.