റമദാൻ പീരങ്കികൾ; പൈതൃക മുഴക്കങ്ങൾ
text_fieldsറമദാനിൽ അറബ് ലോകത്ത് വിനോദ സഞ്ചാരികൾക്ക് കാണാനും ആസ്വദിക്കാനും സാധ്യമാകുന്ന നിരവധി പൈതൃക വസ്തുക്കളുണ്ട്. ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, റമദാൻ രാവുകളിൽ ഉണർന്നിരിക്കുന്ന തെരുവുകൾ, പല ദേശങ്ങളിലെ ഇഫ്താർ-സുഹൂർ കാഴ്ചകൾ എല്ലാം ഇതിലുൾപ്പെടും. യു.എ.ഇയിൽ റമദാനിൽ എല്ലാവരും കാണാൻ ആഗ്രഹിക്കുന്ന പരമ്പരാഗതമായ ഒരു കാഴ്ചയാണ് റമദാൻ പീരങ്കികൾ. ലോകത്ത് പല സ്ഥലങ്ങളിലും മുമ്പ് കാലത്ത് ഇഫ്താർ സമയമറിയിക്കുന്നതിന് പീരങ്കികൾ മുഴക്കുന്ന പതിവുണ്ടായിരുന്നു.
എന്നാൽ പഴമയുടെ പ്രൗഢി നിലനിർത്തി ഇന്നും യു.എ.ഇ ഈ പതിവ് സജീവമായി നിലനിർത്തുകയാണ്. ഓരോ വർഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഈ പീരങ്കി മുഴക്കങ്ങൾ കാണാനായി ആയിരക്കണക്കിന് താമസക്കാരും സഞ്ചാരികളുമാണ് എത്തിച്ചേരാറുള്ളത്. പൈതൃകക്കാഴ്ചക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി തുടങ്ങിയതോടെ പുതിയ നഗരപ്രദേശങ്ങളിലും ഇത് ആരംഭിച്ചിട്ടുണ്ട്. ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ എക്സ്പോ സിറ്റി ദുബൈയിൽ റമദാൻ പീരങ്കി ആരംഭിച്ചത് ഇത്തവണയാണ്.
പാരമ്പര്യത്തെ ഉദ്ഘോഷിക്കുന്ന ഇടിമുഴക്കങ്ങളോടെ റമദാൻ പീരങ്കികൾ ഇത്തവണ രാജ്യത്തിന്റെ നാല് എമിറേറ്റുകളിലാണ് മുഴങ്ങുന്നത്. പീരങ്കികൾ മുഴക്കുന്ന സ്ഥലങ്ങളുടെ പട്ടിക വ്രതമാസത്തിന് മുമ്പ്തന്നെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിരുന്നു. റമദാൻ ദിവസങ്ങളിൽ ഇഫ്താർ സമയങ്ങളിലാണ് തുടർച്ചയായി പീരങ്കികൾ മുഴക്കുന്നത്. ഒരോ എമിറേറ്റിലെയും പൊലീസ് സേനയിലെ പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഇതിന് നേതൃത്വം നൽകുന്നത്. അബൂദബി, ദുബൈ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിലെ വിവിധ സ്ഥലങ്ങളിലാണ് പീരങ്കികൾ ഇത്തവണ സജ്ജീകരിച്ചിട്ടുള്ളത്.
ദുബൈയിൽ ബുർജ് ഖലീഫക്ക് സമീപം, ദുബൈ ഫെസ്റ്റിവൽ സിറ്റി, മദീനത്ത് ജുമൈറ, ഡമാക്, ഹത്ത ഗസ്റ്റ് ഹൗസ്, എക്സ്പോ സിറ്റി ദുബൈ (അൽ വാസൽ പ്ലാസയുടെ മുൻവശം) എന്നിവിടങ്ങളിലാണുള്ളത്. അബൂദബിയിൽ ശൈഖ് സായിദ് മസ്ജിദ്, ഖസർ അൽ ഹുസ്ൻ, മുശ്രിഫ് മേഖലയിലെ ഉമ്മുൽ-ഇമാറാത്ത് പാർക്ക്, ശഹാമ സിറ്റി എന്നിവിടങ്ങളിലാണ് പീരങ്കികൾ കാണാം. അൽഐൻ നഗരത്തിൽ വിവാഹ ഹാളിനും അൽ ജാഹിലി കോട്ടക്കും സമീപത്തെ സഖ്ർ ഏരിയയിലാണ്. അൽ ദഫ്രയിൽ അഡ്നോക് ഗാർഡനിലും സജ്ജീകരിച്ചിട്ടുണ്ട്. റാസൽഖൈമയിൽ അൽ ഖവാസിം കോർണിഷിലും ഉമ്മുൽ ഖുവൈനിൽ ശൈഖ് സായിദ് മസ്ജിദിലുമാണ് ഈ പൈതൃകക്കാഴ്ചയുള്ളത്. നിരവധി വിനോദ സഞ്ചാരികൾ വെടിമുഴക്കുന്നത് കാണാൻ മാത്രമായി എത്തിച്ചേരുന്നുണ്ട്.
അബൂദബി ശൈഖ് സായിദ് മോസ്കിലും ദുബൈ എക്സ്പോ സിറ്റിയിലും നിരവധി പേരാണ് ഓരോ ദിവസവും ഈ കാഴ്ചക്കായി വന്നെത്തുന്നത്. എക്സ്പോയിൽ മറ്റു റമദാൻ പരിപാടികൾ കൂടിയുണ്ടെന്നത് സന്ദർശകരെ ആകർഷിക്കുന്ന ഘടകമാണ്. പീരങ്കി മുഴക്കുന്നത് കാണാനെത്തുന്നവർക്ക് സുരക്ഷിതമായ അകലത്തിൽ നിന്നുകൊണ്ട് വീക്ഷിക്കാനുള്ള സംവിധാനങ്ങൾ അധികൃതർ ഓരോയിടത്തും ഒരുക്കിയിട്ടുണ്ട്. ഇഫ്താർ സമയത്തിന് മുമ്പ് നേരത്തെ എത്തിച്ചേർന്നാൽ ഉദ്യോഗസ്ഥർ പീരങ്കികളുടെ പ്രവർത്തനം വിശദീകരിച്ചു തരാനും സന്നദ്ധരാണ്. ബുർജ് ഖലീഫക്ക് സമീപത്തെ പീരങ്കി കാഴ്ചക്കും നിരവധിപേർ എത്തിച്ചേരാറുണ്ട്. റമദാനിൽ യു.എ.ഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് സൗജന്യമായി ആസ്വദിക്കാവുന്ന അവിസ്മരണീയ കാഴ്ചയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.