റമദാൻ: ഫ്രെയിമിൽ ഒതുങ്ങാത്ത വർണചിത്രങ്ങൾ
text_fieldsയാന്ത്രിക ജീവിതത്തിെൻറ ഓട്ടക്കുതിപ്പുകൾക്കിടയിൽ ജീവിതവണ്ടി ചൂളം വിളിച്ചു മുന്നോട്ട് പോകവെ പ്രവാസത്തിെൻറ എട്ടാമത്തെ വർഷത്തിൽ എത്തി നിൽക്കുന്ന ഈ വേളയിൽ യു.എ.ഇയിലെ ഓരോ റമദാൻ ദിനവും സമ്പന്നമായ ഓർമകളാണ് എനിക്ക് സമ്മാനിച്ചത്. ദുബൈയിൽ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന എന്നെപ്പോലുള്ളവർക്ക് ഓരോ നോമ്പ് കാലവും അനുഭവത്തിെൻറ വെളിച്ചത്തിൽ ഓർമകളുടെ ഒരു വേലിയേറ്റംതന്നെയാണ് മനസ്സിൽ ഉണ്ടാക്കുന്നത്.
കഴിഞ്ഞ വർഷത്തെ റമദാൻ മാസം നാട്ടിൽ ആയിരുന്നു. നാടും നഗരങ്ങളും ഒരു സൂക്ഷ്മാണുവിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്ന സമയത്തായിരുന്നു അച്ഛെൻറ മരണം. ജീവിതത്തിലെ കയ്േപറിയ ദിനങ്ങൾ. കാര്യങ്ങൾ അൽപമൊന്ന് തെളിഞ്ഞപ്പോൾ വീണ്ടും ദുബൈക്ക്. എന്നാലിതാ രണ്ടാം വരവിലൂടെ ആ 'അണു' ലോകത്തെ വീണ്ടും മുൾമുനയിൽ നിർത്തിയിരിക്കുന്നു.
കരാമ ഹംദാൻ കോളനിയിലെ റൂമിൽ ഇരിക്കുമ്പോൾ കഴിഞ്ഞ കാലങ്ങളിലെ റമദാൻ ഓർമകൾ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്. കോവിഡ് ഭീതിയിൽ ഒത്തുചേരലുകൾ നിരോധിച്ച രണ്ടാമത്തെ വർഷമാണല്ലോ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. എങ്കിലും മുൻ വർഷങ്ങളിലെ റമദാൻ മാസങ്ങളിൽ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത മറക്കാനാവാത്ത ഫോട്ടോഗ്രഫി അനുഭവങ്ങൾ എനിക്കുണ്ട്.
ആദ്യം ഓർമ വരുന്നത് കരാമ പോസ്റ്റ് ഓഫിസ് പരിസരത്തെ പള്ളിയിലെ ഇഫ്താർ ടെൻറിലേക്കാണ്. പള്ളിയിലെ സ്ഥലപരിമിതി മൂലം തൊട്ടടുത്ത പോസ്റ്റ് ഓഫിസിലെ വിശാലമായ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു ദിവസവും ഇഫ്താർ ഒരുക്കിയിരുന്നത്. നോമ്പെടുക്കാത്തവർ അവിടെ അവഗണിക്കപ്പെട്ടില്ല. അവർക്കും തുല്യപരിഗണന ആയിരുന്നു. വട്ടപ്പാത്രത്തിൽ നിറച്ച ബിരിയാണിക്ക് ചുറ്റും മുസൽമാനോടൊപ്പം ഹിന്ദുവും ക്രിസ്ത്യാനിയും തോളോട് തോൾ ചേർന്നിരുന്ന് കാരക്കയും ജ്യൂസും പരസ്പരം പങ്കുവെച്ചപ്പോൾ ഇസ്ലാം പരിശീലിപ്പിച്ച ഒരുമയുടെയും തുല്യതയുടെയും പച്ചയായ നേർക്കാഴ്ചകൾ എെൻറ കാമറ ക്ലിക്കിൽ മിന്നി മറഞ്ഞു.
എത്രയധികം ആളുകൾ ആ ടെൻറിൽ എത്തിയാലും ആരും ഇഫ്താർ ഭക്ഷണം കിട്ടാതെ പോയതായി കണ്ടില്ല. നോമ്പ് തുറക്കേണ്ട അവസാന നിമിഷത്തിലും ആർക്കെങ്കിലും ഇനിയും ഭക്ഷണം കിട്ടാൻ ബാക്കിയുണ്ടോ എന്ന് ചോദിച്ചുകൊണ്ട് ഗ്രൗണ്ടിൽ ഓടി നടക്കുന്ന ഈജിപ്തുകാരനായ ആ പള്ളി ഇമാമിെൻറ ചിത്രം മനസ്സിൽനിന്നും മായുന്നില്ല.
മരുഭൂമിയിലെ പ്രതികൂല കാലാവസ്ഥയിൽ 12 മണിക്കൂറിൽ കൂടുതൽ ഉമിനീർ പോലും ഇറക്കാതെ ദൈവ പ്രീതി മാത്രം ആഗ്രഹിച്ച് ത്യാഗം സഹിക്കുന്നവരെ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാൽ, ആരുടെയും മുഖത്ത് ആ ക്ഷീണം ഞാൻ കണ്ടില്ല. മറിച്ച്, അവരെല്ലാം ഉേന്മഷവാന്മാർ ആയിരുന്നു. ഉള്ളം തേങ്ങിക്കൊണ്ടുള്ള പ്രാർഥനയിൽ പലരും വിങ്ങിപ്പൊട്ടിയപ്പോൾ ഫ്രെയിം കമ്പോസ് ചെയ്യാൻ ഞാനും പലപ്പോഴും ബുദ്ധിമുട്ടി.
റമദാൻ 15 ആകുന്നതോടെ ആരംഭിക്കുന്ന പ്രഭാഷണ സദസ്സുകൾ വിജ്ഞാനപ്രദമായിരുന്നു. ഔദ് മേത്തയിലെ അൽ വാസൽ ക്ലബ് ആയിരുന്നു വേദി. ദുബൈ സർക്കാറിെൻറ ക്ഷണിക്കപ്പെട്ട അതിഥികൾ ആയി എത്തുന്ന മതപണ്ഡിതരുടെ ഒരുനിര തന്നെ പ്രഭാഷണങ്ങൾക്കായി അവിടെ എത്തിയിരുന്നു. ഓരോ ദിവസത്തെ പ്രഭാഷണങ്ങളും ഇസ്ലാമിലെ വിവിധ വിഷയങ്ങളെ കുറിച്ചുള്ളതായിരുന്നു. ചില പരിപാടികളിൽ സംഘാടകർ ഫോട്ടോഗ്രഫി ആവശ്യത്തിനുവേണ്ടിയും എന്നെ വിളിക്കാറുണ്ട്.
വെള്ളിയാഴ്ചകളിലെ പ്രഭാഷണങ്ങൾ പുലർച്ച മൂന്നുവരെയൊക്കെ നീളാറുണ്ട്. ഇതിൽ മിക്ക പരിപാടികളിലും പങ്കെടുത്ത ഒരാൾ എന്ന നിലയിൽ പറയട്ടെ, പണ്ഡിതരുടെ പ്രഭാഷണങ്ങളിൽ എവിടെയും ഭരണാധികാരികളെ വിമർശിക്കാനോ മറ്റു മത വിഭാഗങ്ങളെ ഇകഴ്ത്തിയോ കുറ്റപ്പെടുത്തികൊണ്ടോ ഉള്ള ഒരു വാക്കു പോലും കേട്ടിട്ടില്ല.
ഏറ്റവും വികാരപരമായ ഒരു രംഗം എന്ന് എനിക്ക് തോന്നിയത് മിക്ക പ്രഭാഷണങ്ങളും കഴിഞ്ഞ ശേഷമുള്ള ഉസ്താദുമാരുടെ ആയുരാരോഗ്യ പ്രാർഥനകൾ ആയിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന പ്രാർഥനാ സദസ്സുകളിൽ ലോകത്തിലെ നാനാ ജാതി മതസ്ഥർക്കും സൗഖ്യം ഭവിക്കേണമേ എന്നതായിരുന്നു മുഴങ്ങിക്കേട്ടത്. രോഗംകൊണ്ട് ബുദ്ധിമുട്ടുന്നവർക്കുവേണ്ടിയും കടക്കെണിയിൽ പെട്ടവർക്കും ജോലി നഷ്ടപ്പെട്ടവർക്കും ജയിലുകളിൽ കഴിയുന്നവർക്കുവേണ്ടിയും നടത്തിയ പ്രാർഥനകളുടെയും പൊട്ടിക്കരച്ചിലുകളുടെയും വികാരപരമായ രംഗങ്ങൾ എനിക്ക് കാമറയിൽ പകർത്താൻ കഴിഞ്ഞു.
റമദാനിലെ വെള്ളിയാഴ്ച നമസ്കാരം കാണാനും ഫോട്ടോ എടുക്കാനുമായി റൂമിൽ നിന്നും വളരെ നേരത്തേ ഇറങ്ങി നേരെ ദേര നൈഫ് ഭാഗത്തേക്ക് പോകും. അവിടത്തെ ഒരു ബിൽഡിങ്ങിന് മുകളിൽ കയറിയാൽ നമസ്കാരത്തിെൻറ നല്ല ആംഗിൾ കിട്ടും. എത്ര കടുത്ത ചൂടിലും അതൊന്നും വകവെക്കാതെ റോഡുകൾ നിറഞ്ഞ് കവിയുന്നത് എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. വിശ്വാസികൾ കാണിക്കുന്ന അർപ്പണ ബോധവും നമസ്കാരത്തിലെ കൃത്യതയും വരികളിലെ അച്ചടക്കവും പ്രശംസനീയംതന്നെ.
ആയിരങ്ങൾ പങ്കെടുക്കുന്ന നമസ്കാരങ്ങളും ഇഫ്താറുകളും പൊതുസമ്മേളനങ്ങളും തൽക്കാലം വിട പറെഞ്ഞങ്കിലും അവ പഴയ അവസ്ഥയിലേക്ക് തിരിച്ചു വരുകതന്നെ ചെയ്യും. കാലഘട്ടം ആവശ്യപ്പെടുന്നതും അതുതന്നെയാണ്. അതോടൊപ്പം റമദാനിൽ സ്ഫുടം ചെയ്തെടുത്ത മനസ്സും ശരീരവും ജീവിതാവസാനം വരെ നിലനിർത്താൻ ഓരോ വിശ്വാസിക്കും സാധിക്കട്ടെ എന്നും ആത്മാർഥമായി ആഗ്രഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.