കുഞ്ഞുമക്കളുടെ കാരുണ്യം ലോകം അറിഞ്ഞ റമദാൻ
text_fieldsകഴിഞ്ഞ റമദാനിൽ പ്രവാസ ലോകത്ത് കോവിഡ് എന്ന മഹാമാരി എത്ര ഭയാശങ്ക സൃഷ്ടിച്ചുവെന്നത് പത്ര ദൃശ്യമാധ്യമങ്ങളിലൂടെ നാട്ടിലിരുന്നാണ് അറിയുന്നത്. ഉപ്പയും സഹോദങ്ങളും അൽഐനിൽ ആയതിനാൽ ആ സമയത്ത് ഫോൺ ചെയ്യുമ്പോൾ ആകെ ചോദിക്കാനുണ്ടായിരുന്നത് കോവിഡിനെക്കുറിച്ച് മാത്രമായിരുന്നു. ഉറ്റവരെയും ഉടയവരെയും കാണാൻ കൊതിച്ച് പ്രവാസ ലോകത്ത് ജോലി നഷ്ടപ്പെട്ട് നിരവധിപേരാണ് നാട്ടിലേക്ക് മടങ്ങാൻ വന്ദേഭാരത് മിഷെൻറ വിമാന ടിക്കറ്റ് എടുക്കാൻ കാശില്ലാതെ പ്രയാസപ്പെടുന്നത് അറിയുന്നത്.
ഉപ്പയും സഹോദരന്മാരും എെൻറ മക്കളായ റോഷനോടും ഫിൽസയോടും കോവിഡ് മൂലം പ്രയാസപ്പെടുന്ന പ്രവാസികളുടെ കഥകൾ അവർക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കാറുണ്ടായിരുന്നു. എല്ലാ വർഷവും പെരുന്നാൾ പുടവ വാങ്ങാൻ അവർ പണം അയക്കാറുണ്ടായിരുന്നു. കഴിഞ്ഞ ചെറിയ പെരുന്നാളിന് പുടവ വാങ്ങാൻ ആവശ്യമായ തുക അയക്കുന്നുണ്ടെന്ന് കുട്ടികളോട് പറഞ്ഞപ്പോൾ ഈ വർഷം ഞങ്ങൾക്ക് പെരുന്നാൾ പുടവ വേണ്ടെന്നും ആ തുക ഞങ്ങളെപ്പോലുള്ള കുട്ടികളുടെ ബന്ധുക്കൾക്ക് നാട്ടിൽ അവരുടെ അടുത്തെത്താൻ നൽകിക്കോളൂ എന്നു പറഞ്ഞപ്പോൾ അതിയായ സന്തോഷമാണ് തോന്നിയത്.
സ്വന്തം നാടണയാൻ കൈയിൽ പണമില്ലാതെ പ്രയാസപ്പെടുന്നവർക്കായി ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കിയ 'മിഷൻ വിങ്സ് ഓഫ് കംപാഷൻ' പദ്ധതിയിലേക്ക് ആ തുക ഉപ്പ കൈമാറിയതിലൂടെ ഏറ്റവും അർഹരായ ഏതാനും ചിലർ നാട്ടിലെത്തി എന്നറിയുമ്പോൾ ഏറെ സന്തോഷമാണ് തോന്നുന്നത്. മകൻ പി. റോഷൻ താനൂർ എം.ഇ.എസ് സെൻട്രൽ സ്കൂളിൽ വിദ്യാർഥിയും മകൾ ഫിൽസ തിരൂർ ഫാത്തിമ മാതാ ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർഥിയുമാണ്. കുട്ടികളുടെ സന്മനസ്സിനൊപ്പം മക്കൾക്ക് വലിയൊരു അംഗീകാരവും പ്രോത്സാഹനവും ഗൾഫ് മാധ്യമത്തിെൻറയും മീഡിയാവണിെൻറയും ഭാഗത്തുനിന്നുമുണ്ടായി എന്നത് വേറെ സന്തോഷമാണ്. മക്കളെക്കുറിച്ച് വാർത്ത വന്നതോടെ വിവിധ തുറകളിൽനിന്ന് ആശംസപ്രവാഹമായിരുന്നു.
മക്കൾ കഴിഞ്ഞ റമദാനിൽ കാണിച്ച ആ നല്ല മനസ്സിന് സമ്മാനമായി ഉപ്പയാണ് എന്നെയും ഉമ്മയെയും മക്കളെയും കഴിഞ്ഞമാസം അൽഐനിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരുന്നത്. കഴിഞ്ഞ റമദാനിൽ കോവിഡ് കാരണം പ്രവാസികൾ ഗൾഫിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ നാട്ടിൽ ഇരുന്ന് കാണുകയും കേൾക്കുകയുമായിരുന്നെങ്കിൽ ഈ റമദാനിൽ നാട്ടിൽ കോവിഡിെൻറ വ്യാപനവും ഭീതിവിതക്കുന്നതും പ്രവാസലോകത്തിരുന്ന് കാണാനാണ് വിധി.
ഉപ്പ തിരൂർ പൂക്കയിൽ മാങ്ങാട് കുന്നത്ത് മുഹമ്മദ് 30 വർഷമായി അൽഐൻ ഐനുൽ ഫാഇദയിൽ കഫറ്റീരിയ നടത്തുകയാണ്. മൻസൂർ, മൻസൂഖ്, മൻസാദ് എന്നീ മക്കളും കൂടെയുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ തൽപരനായ ഉപ്പ മക്കളെയും പേരമക്കളെയും പഠിപ്പിച്ചത് സമ്പാദ്യത്തിൽനിന്ന് നിശ്ചിത ഓഹരി പാവപ്പെട്ടവർക്ക് നൽകണമെന്നാണ്. കോവിഡ് കാരണം രണ്ടു വർഷത്തിലധികമായി ഉപ്പ നാട്ടിൽ വന്നിട്ട്. ഉപ്പയുടെ മക്കളോടും പേരമക്കളോടുമുള്ള സ്നേഹവും പ്രയാസപ്പെടുന്നവരെ അകമഴിഞ്ഞ് സഹായിക്കാനുള്ള മനോഭാവവും ഏറെ അഭിമാനത്തോടെയാണ് ഓർക്കുന്നത്.
ഈ വർഷത്തെ റമദാൻ ഉപ്പയോടൊപ്പം അൽഐനിൽ ചെലവഴിക്കാനായത് ഏറെ സന്തോഷകരമാണ്. നാട്ടിൽ റമദാൻ ആയാൽ ഒരു മാസം മുന്നേ തുടങ്ങും ഒരുക്കം. നനച്ചുകുളിയും അരിപ്പൊടിയും മസാലപ്പൊടികളും തുടങ്ങി ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള മുഴുവൻ സാധനങ്ങളും ഉണ്ടാക്കി വെക്കുന്ന തിരക്കുമായി ഒരു ഒഴിവും ഉണ്ടാകാറില്ല. എന്നാൽ, ഈ വർഷം അൽഐനിൽ ആയപ്പോൾ അങ്ങനെയുള്ള തിരക്കുകൾ ഒന്നുമുണ്ടായില്ല. എല്ലാം പോക്കറ്റ് സാധനങ്ങൾ വിപണിയിൽ നിന്ന് ലഭിക്കും. നോമ്പ് തുറക്ക് ഭക്ഷണം പാകം ചെയ്യുന്ന ഒരു തിരക്ക് മാത്രമാണ് ഈ റമദാനിൽ ഉണ്ടായത്.
ഇവിടെ ഭക്ഷണമുണ്ടാക്കി അടുത്ത റൂമിലുള്ളവർക്കും അവർ ഇങ്ങോട്ടും തരുകയും ചെയ്യുന്നത് നാടിനെ അപേക്ഷിച്ച് ഇവിടെയുള്ള ഒരു പ്രത്യേകതയാണ്. എല്ലാ നോമ്പിനും അടുത്ത വീടുകളിൽനിന്ന് വ്യത്യസ്ത വിഭവങ്ങൾ ലഭിക്കും. നാട്ടിലാണെങ്കിൽ വിശേഷ അവസരങ്ങളിൽ മാത്രമാണ് അയൽപക്കങ്ങളിലേക്ക് ഭക്ഷണം നൽകാറുള്ളത്. കാലം മാറുന്നതിനനുസരിച്ച് നോമ്പുതുറ വിഭവങ്ങളിലും മാറ്റങ്ങൾ വരുന്നു. പണ്ടത്തെ കാലത്തെ നോമ്പുതുറയുടെയും പെരുന്നാളിെൻറയും രസങ്ങൾ ഉപ്പയും ഉമ്മയും വിവരിക്കുന്നത് കേൾക്കുമ്പോൾ കൗതുകത്തോടെ കേട്ടിരിക്കലാണ് ഞാനും മക്കളും. വർഷങ്ങൾക്കുശേഷം ഉപ്പയോടൊപ്പം റമദാനും പെരുന്നാളും ആഘോഷിക്കാനും കോവിഡ് കാലത്തെ പ്രവാസം നേരിട്ട് മനസ്സിലാക്കാനും യു.എ.ഇയിലെ പഴുതടച്ച കോവിഡ് പ്രതിരോധമാർഗം കാണാനും ദൈവാനുഗ്രഹത്താൽ സാധ്യമായിരിക്കുന്നു.
തയാറാക്കിയത്: ശമീറുൽ ഹഖ് തിരുത്തിയാട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.