ദുബൈയിൽ ‘റമദാൻ സൂഖ്’ ഇന്നുമുതൽ
text_fieldsദുബൈ: റമദാൻ മാസത്തിലേക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ദുബൈയിൽ ‘റമദാൻ സൂഖ്’ ആരംഭിക്കുന്നു. ശനിയാഴ്ച മുതൽ ദേരയിലെ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റിൽ തുടങ്ങുന്ന ‘റമദാൻ സൂഖ്’ മാർച്ച് 9 വരെ നീളും.
രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. എല്ലാ വർഷവും റമദാന്റെ വരവറിയിച്ച് ദുബൈ മുനിസിപ്പാലിറ്റി ഒരുക്കാറുള്ള സൂഖിൽ നിരവധിപേരാണ് എത്തുന്നത്.
റമദാന്റെ ഒരുക്കങ്ങൾക്കായി അവശ്യവസ്തുക്കളും ഉപകരണങ്ങളുമടക്കം സൂഖിൽ വിൽപനക്കെത്തിയിട്ടുണ്ട്. വ്യക്തിപരമായ ഉപയോഗത്തിനും വീട്ടാവശ്യത്തിനുമുള്ള വസ്തുക്കൾ ഇതിലുൾപ്പെടും. ശഅ്ബാൻ മാസം 15ന് പ്രാദേശികമായി ആചരിക്കുന്ന ‘ഹഖ് ലൈല’ ചടങ്ങിന് ആവശ്യമായവയും സൂഖിൽ എത്തിച്ചിട്ടുണ്ട്. റമദാനുമായി ബന്ധപ്പെട്ട വിവിധ പരിപാടികളും തൽസമയ ഷോകളും കുട്ടികൾക്കുള്ള പരിപാടികളും ഇവിടെ അരങ്ങേറും.
ടൂറിസവും വാണിജ്യപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിലുപരി, ‘റമദാൻ സൂഖി’ലൂടെ പരമ്പരാഗത വിപണിയെ പ്രദർശിപ്പിക്കുകയും റമദാൻ മാസത്തിനായുള്ള ഒരുക്കങ്ങളിലൂടെ പൈതൃകത്തെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു. 19ാം നൂറ്റാണ്ടിൽ ആരംഭിച്ച സൂഖ് നിരവധി തവണ പുനരുദ്ധരിച്ച് സംരക്ഷിക്കപ്പെട്ടതാണ് -പത്രക്കുറിപ്പിൽ പറഞ്ഞു. ദേരയിൽ അൽ ദലം സൂഖ് അല്ലെങ്കിൽ ഡാർക്നസ് മാർക്കറ്റ് എന്ന ഗ്രാൻഡ് സൂഖ് ഉൽപന്നങ്ങൾക്ക് പേരുകേട്ടതാണ്. പാത്രങ്ങളും ട്രേകളും ലഭിക്കുന്ന പ്ലേറ്റ് മാർക്കറ്റുമുണ്ട്. പുരുഷന്മാരുടെ തുണിത്തരങ്ങളും വൈവിധ്യമാർന്ന സാധനങ്ങൾ വിൽക്കുന്ന സൂഖ് അൽ മനാസറും ഇവിടത്തെ മറ്റു വിപണികളാണ്. ചാരുകസേരകളുടെയും തലയിണകളുടെയും(പരമ്പരാഗതമായി ടിക്കി എന്ന് വിളിക്കപ്പെടുന്ന) വിൽപനക്കായി സമർപ്പിച്ചിരിക്കുന്ന അൽ-മതാരിഹ് മാർക്കറ്റ്, ഭക്ഷ്യ മാർക്കറ്റ്, മറൈൻ ടൂൾസ് മാർക്കറ്റ്, തുണിത്തരങ്ങൾക്കായുള്ള സൂഖ് അൽ ഖിലാക്ക്, പെർഫ്യൂം മാർക്കറ്റ്, സ്വർണ മാർക്കറ്റ് എന്നിവ ഈ പ്രദേശത്തെ മറ്റ് ശ്രദ്ധേയ വിപണികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.