കറാമയിൽ റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം
text_fieldsറമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് വേദിയാകുന്ന കറാമയിൽ സ്ഥാപിച്ച അലങ്കാരങ്ങൾ
ദുബൈ: റമദാനിൽ മലയാളികളടക്കം ആയിരങ്ങളെ ആകർഷിക്കാറുള്ള റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. 55ലേറെ റസ്റ്റാറന്റുകളാണ് വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവലിൽ ഇത്തവണ പങ്കെടുക്കുന്നത്. ആദ്യദിവസംതന്നെ നിരവധി പേരാണ് വ്യത്യസ്തമായ ഭക്ഷ്യ വിഭവങ്ങൾ തേടി കറാമയിൽ എത്തിച്ചേർന്നത്. മൂന്നാമത് എഡിഷൻ മാർച്ച് 23 വരെ നീണ്ടുനിൽക്കുന്നതാണ്.
ഫെസ്റ്റിവലിനെ സ്വാഗതം ചെയ്ത് കറാമയിൽ വലിയ അലങ്കാര വിളക്കുകളും മറ്റും അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയ ‘റമദാൻ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ’ വൻ വിജയമായിരുന്നു. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിൽനിന്നും അയൽ രാജ്യങ്ങളായ ഒമാനിൽനിന്നും സൗദിയിൽനിന്നും വരെ സന്ദർശകർ ഫെസ്റ്റിവൽ കാണാനെത്താറുണ്ട്. മലയാളികളുടെ റമദാൻ ഒത്തുകൂടലിന്റെ ഏറ്റവും പ്രധാന വേദികൂടിയാണ് കറാമ. മലയാളികൾ തിങ്ങിപ്പാർക്കുന്ന ഇവിടെ നടക്കുന്ന ഫെസ്റ്റിവലിൽ ധാരാളം കേരള വിഭവങ്ങൾ ലഭ്യമാണ്.
‘ഐസൊരതി’യിൽ തുടങ്ങി തരിക്കഞ്ഞിയും തലശ്ശേരി ബിരിയാണിയും അടക്കം ഉൾക്കൊള്ളുന്ന വിഭവങ്ങൾ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. സൃഹൃത് സംഗമങ്ങളും കുടുംബ ഒത്തുചേരലുകളും മറ്റും റമദാനിൽ കറാമയിലെ റസ്റ്റാറന്റുകൾ കേന്ദ്രീകരിച്ച് ഒരുക്കുന്നവരുണ്ട്. സന്ദർശകർക്ക് ആസ്വാദനത്തിനായി കലാപരിപാടികൾ മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷങ്ങളിൽ ഒരുക്കിയിരുന്നു. ഓരോ ദിവസവും ഓരോ നാടുകളെ പ്രതിനിധാനം ചെയ്യുന്ന പരിപാടികളാണ് അരങ്ങേറാറുള്ളത്.
സ്റ്റേജിലെ കലാപരിപാടികൾക്കു പുറമേ മരക്കാലിൽ നടന്നു നീങ്ങുന്ന കോമാളി വേഷക്കാരും പറക്കും പരവതാനിയിൽ നീങ്ങുന്ന മായാജാലക്കാരനും തുടങ്ങിയ ആവിഷ്കാരങ്ങളും ഫെസ്റ്റിവലിലെ കഴിഞ്ഞ വർഷത്തെ കാഴ്ചയായിരുന്നു. വരുംദിവസങ്ങളിൽ ഫെസ്റ്റിവൽ കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.