റമദാൻ: അധികസമയം ജോലി എടുക്കുന്നവർക്ക് അധിക വേതനം നൽകണം
text_fieldsദുബൈ: റമദാനിലെ ജോലി സമയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം പാലിക്കണമെന്നും അധികസമയം ജോലിയെടുക്കുന്നവർക്ക് അധിക വേതനം നൽകണമെന്നും ഓർമപ്പെടുത്തി അധികൃതർ. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ജോലി സമയം രണ്ട് മണിക്കൂർ കുറവായിരിക്കണമെന്നാണ് നിർദേശം.
മുസ്ലിം, അമുസ്ലിം ജീവനക്കാർക്കെല്ലാം ഇത് ബാധകമാണ്. എന്നാൽ, ഹോട്ടൽ, റസ്റ്റാറന്റ്, ആശുപത്രികൾ പോലുള്ള സ്ഥാപനങ്ങൾക്ക് ജീവനക്കാരെ കൂടുതൽ സമയം ഉപയോഗിക്കാം. ഇവർക്ക് ഓവർ ടൈം ശമ്പളം നൽകണം. അലവൻസും അടിസ്ഥാന ശമ്പളവും ഉൾപ്പെട്ട മൊത്തം ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് നൽകേണ്ടത്. സാധാരണ ഓവർ ടൈമുകൾക്ക് മണിക്കൂർ വേതനത്തിന്റെ 25 ശതമാനമാണ് ഓരോ മണിക്കൂറിലും അധിക വേതനമായി നൽകേണ്ടത്. എന്നാൽ, രാത്രി ഒമ്പതിനും പുലർച്ചെ നാലിനും ഇടയിലാണ് അധിക ജോലിയെങ്കിൽ 50 ശതമാനം ഓവർടൈമായി ഓരോ മണിക്കൂറിനും നൽകണം. അപകടം പോലുള്ള സമയങ്ങളിലൊഴികെ ഓവർ ടൈം ജോലികൾ രണ്ട് മണിക്കൂറിൽ കൂടരുത്. സ്ഥാപന ഉടമകൾ അധികവേതനം നൽകിയില്ലെങ്കിൽ തൊഴിലാളിക്ക് മാനുഷിക വിഭവശേഷി മന്ത്രാലയത്തിന് പരാതി നൽകാമെന്നും നിയമത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.