മാറഞ്ചേരിയിലെ അത്താഴം മുട്ടുകാർ
text_fieldsകേരളത്തിെൻറ സാംസ്കാരിക ഭൂപടത്തിൽ സവിശേഷ സ്ഥാനമാണ് പൊന്നാനിക്ക്. മതസൗഹാർ ദത്തിെൻറയും സഹിഷ്ണുതയുടെയും മുഖ്യ നാഡീഞരമ്പുകളിലൊന്ന്. പൊന്നാനിയുടെ ഉപനഗര മായ മാറഞ്ചേരിയിലെ പണ്ടത്തെ നോമ്പുകാല കൗതുകം ഒാർത്തെടുക്കുകയാണ് ഇയ്യാത്തുകുട്ടി വല്ലിമ്മ. ‘‘ഞങ്ങളുടെ കുട്ടിക്കാലത്ത് പാതിരാവിൽ അത്താഴം മുട്ടുകാർ വീടുകൾക്കു മുന്നിൽ വന്ന് പാട്ടുപാടി വിളിക്കുമായിരുന്നു. അറബനയിൽ താളമിട്ടുള്ള അവരുടെ പാട്ട് കേട്ടാൽ ഏതു മടിയന്മാരും ചാടി എഴുന്നേറ്റ് ചായ്പ്പിലേക്ക് ഓടി എത്തും. അത്താഴത്തിന് പാലും പഴവും നിർബന്ധമുള്ളവരുമുണ്ടായിരുന്നു. ചിലർക്ക് ചോറോ പലഹാരങ്ങളോ മതി. എന്തായാലും അത്താഴം മുടക്കാൻ സമ്മതിക്കില്ല. കുട്ടികൾക്ക് മുതിർന്നവർ നോമ്പിെൻറ നിയ്യത്ത് ചൊല്ലിക്കൊടുക്കും.പകൽ നേരത്ത് കളിയുടെ േമളങ്ങളായിരിക്കും. അൽപം മുതിർന്നു കഴിഞ്ഞാൽ ഖുർആൻ ഒാതി ഖത്തം തീർക്കൽ നിർബന്ധം. പിന്നെ വീട്ടുജോലികളിൽ എല്ലാം കൂടുകയും വേണം. നോമ്പുതുറ നേരത്ത് പൊട്ടിക്കുന്ന മണ്ണെണ്ണ പീരങ്കി വല്ലാത്ത കൗതുകമായിരുന്നു.
മഗ്രിബ് ബാങ്കിനൊപ്പം പള്ളിക്കാട്ടിലെ കുറുക്കന്മാർ ഉണർന്ന് ഓലിയിടും. ബാങ്ക് കേട്ടാൽ കാരക്കയാണ് ആദ്യം തിന്നുക, തലേ ദിവസം മൺകൂജയിൽ വെച്ച് തണുപ്പിച്ച വെള്ളമെടുത്താണ് ചെറുനാരങ്ങ കലക്കുക. പണ്ട് ഇന്നത്തെ പോലെ ഫ്രിഡ്ജ് ഒന്നും ഉണ്ടായിരുന്നില്ല. തരിക്കഞ്ഞിയും സേമിയ പായസവുമാണ് പ്രധാനപാനീയങ്ങൾ, ചീരോക്കഞ്ഞിയും ഇടക്കുണ്ടാകും. ജീരകമിട്ട് വെക്കുന്ന കഞ്ഞിയെയാണ് അങ്ങനെ വിളിച്ചിരുന്നത്. അരി ഉണക്കി, ഉരലിലിട്ട് പൊടിച്ചതുകൊണ്ട് നയ്സായ പത്തിരി ഉണ്ടാക്കും, ചില ദിവസങ്ങളിൽ തേങ്ങാപ്പാലായിരിക്കും ചിലപ്പോൾ കടല, കോഴിക്കറി, പോത്തിറച്ചി വറ്റിച്ചത് തുടങ്ങിയവയും ഉണ്ടാകും. അന്ന് നോമ്പ് കാലത്ത് രാവിലെ മുതൽ തുടങ്ങുന്ന ജോലികൾ നോമ്പ് തുറന്നാലും തീരില്ല. ഇന്നത്തെ പോലെയല്ല അന്ന് വീട് നിറച്ചും ആളുണ്ടാകും. അരി ഇടിക്കണം, കറിക്കുള്ളത് അമ്മിയിൽ അരക്കണം, കല്ലിൽവെച്ച് അലക്കണം.അന്നത്തെ കാര്യങ്ങളെല്ലാം നല്ലത് ഇന്ന് എല്ലാം മോശം എന്നൊന്നും പറയുന്നതിൽ അർഥമില്ല. അന്നും ഇന്നും നന്മയും തിന്മയും ഉണ്ടായിട്ടുണ്ട്. നമ്മൾ നന്മയുടെ പക്ഷത്ത് നിൽക്കുക. എന്തു പ്രയാസങ്ങൾ നേരിട്ടാലും അതിൽനിന്ന് പിന്തിരിയാതിരിക്കുക. നന്മയിൽ ഉറച്ചുനിൽക്കുന്നതിനും തെറ്റുകളിൽനിന്ന് നിയന്ത്രണം പാലിക്കുന്നതിനുമുള്ള പരിശീലനമാണ് നോമ്പ്. അത് ശരീരത്തിനും മനസ്സിനും ശുദ്ധിപകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.