റമദാൻ അരികിൽ; ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുങ്ങുന്നു
text_fieldsഷാര്‍ജ: പുണ്യറമദാനെ വരവേല്‍ക്കാന്‍ യു.എ.ഇ ഒരുങ്ങി. കെട്ടിടങ്ങള്‍ പുതിയ ഛായമടിച്ചും വര്‍ണ വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചും പള്ളികളില്‍ പുതിയ നമസ്കാര പടങ്ങള്‍ വിരിച്ചുമാണ് റമദാനെ വരവേല്‍ക്കാനൊരുങ്ങുന്നത്. യു.എ.ഇയിലെ എല്ലാ പ്രദേശങ്ങളിലും ഇഫ്താര്‍ കൂടാരങ്ങളും ഒരുങ്ങി കഴിഞ്ഞു. സിവില്‍ഡിഫന്‍സ്, പൊലീസ് വിഭാഗങ്ങളുടെ സുരക്ഷപരിശോധന കഴിയുന്ന മുറക്കാണ് കൂടാരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. കൂടാരങ്ങളിലെ ശീതികരണ സംവിധാനം , ബലം, തീപിടിത്തം പോലുള്ള അത്യാഹിതങ്ങള്‍ നടന്നാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗം എന്നിവയെല്ലാം പരിശോധിച്ചതിന് ശേഷമാണ് അധികൃതര്‍ അംഗീകാരം നല്‍കുക.
ചാരിറ്റി സംഘടനകളും വ്യക്തികളും ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുക്കുന്നുണ്ട്. നഗരസഭയുടെ കൂടാരങ്ങളുമുണ്ട്. റമദാനോട് മുന്നോടിയായി ഇഫ്താര്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന ഇടങ്ങളിലും അധികൃതര്‍ പരിശോധന നടത്തും. കൊടും ചൂടും ഉപവാസത്തിന്‍െറ ദൈര്‍ഘ്യവും കണക്കിലെടുത്താണ് ശക്തമായ പരിശോധനക്ക് നഗരസഭ നിര്‍ദേശിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇഫ്താറില്‍ പങ്കെടുക്കുന്ന അബുദബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. യു.എ.ഇയിലെ രണ്ടാമത്തെ ഏറ്റവും വലിയ പള്ളിയായ ഫുജൈറയിലെ ശൈഖ് സായിദ് മസ്ജീദും റമദാനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. യു.എ.ഇയിലെ ഏറ്റവും പുരാതന പള്ളിയായ ബിദിയയില്‍ ഇത്തവണ റമദാനിലെ രാത്രി നമസ്കാരമായ തറാവീഹ് ഉണ്ടാവുകയില്ല എന്നാണ് അറിയുന്നത്.
പള്ളി നേരത്തെ അടക്കുന്നത് കാരണമാണ് രാത്രി നമസ്കാരം ഒഴിവാക്കുന്നത്. എന്നാല്‍ തൊട്ടടുത്ത് തന്നെയുള്ള മറ്റ് പള്ളികളില്‍ രാത്രി നമസ്കാരം നടക്കും.
ഷാര്‍ജയിലെ ചരിത്ര പ്രസിദ്ധമായ കിങ് ഫൈസല്‍ പള്ളിക്ക് സമീപത്തും ഇഫ്താറിനുള്ള കൂടാരം ഒരുങ്ങിയിട്ടുണ്ട്.
ശഅ്ബാന്‍ 15ന് (മെയ് 13) ഹക്ക് അല്‍ ലൈല നടക്കും. ഇതുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പരിപാടി ഷാര്‍ജ ബദായാ പ്രദേശത്ത് നടക്കുമെന്ന് അധികൃതര്‍ പറഞ്ഞു. റമദാനോട് അടുപ്പിച്ച് യു.എ.ഇയില്‍ പുരാതന കാലം തൊട്ട് നടന്ന് വരുന്ന കുട്ടികളുടെ ആഘോഷ പരിപാടിയാണ് ഹക്ക് അല്‍ ലൈല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.