റമദാനെ വരവേറ്റ് ഇമാറാത്ത്
text_fieldsദുബൈ: വ്രതവിശുദ്ധിയുടെ രാപ്പകലുകൾക്ക് യു.എ.ഇയിൽ തുടക്കമായി. വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടതിനാൽ ബുധനാഴ്ച സൂര്യനസ്തമിച്ചതോടെ തന്നെ പള്ളികളിൽ വിശ്വാസികൾ ആരാധനകൾക്ക് വേണ്ടി എത്തിച്ചേർന്നിരുന്നു. റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിന് മിക്ക പള്ളികളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാൽ പള്ളികളടക്കമുള്ള സ്ഥലങ്ങളിൽ ആശങ്കയില്ലാതെയാണ് വിശ്വാസികൾ എത്തിച്ചേർന്നത്. കഴിഞ്ഞ വർഷം വരെ സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് ഒരുമിച്ചുകൂടിയിരുന്നത്. തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്ക് നിശ്ചിതസമയം പാലിക്കണമെന്ന നിർദേശം കഴിഞ്ഞ തവണയുണ്ടായിരുന്നു.
എന്നാൽ, ഇത്തവണ സമാനമായ നിർദേശങ്ങളില്ലാത്തിനാൽ പള്ളികളിൽ കൂടുതൽ സമയം ചെലവഴിക്കാനും സാധിക്കുന്നുണ്ട്. ബുധനാഴ്ച സൂപ്പർമാർക്കറ്റുകളിലും മറ്റു അവശ്യസാധനങ്ങൾ വാങ്ങുന്നതിന് എത്തിയവരുടെ തിരക്കനുഭവപ്പെട്ടു. റമദാൻ എത്തിയതോടെ പഴം, പച്ചക്കറി, മാംസവിപണയിൽ ഉണർവുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഇഫ്താറിനും അത്താഴത്തിനുമായി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ നാലുവരെ പ്രവർത്തിക്കുന്ന രീതിയിൽ പ്രവൃത്തി സമയം പുതുക്കിനിശ്ചയിച്ചിട്ടുമുണ്ട്. ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ ഇഫ്താർ ടെൻറുകൾ ഒരുക്കിയിട്ടുണ്ട്. ലേബർ ക്യാമ്പുകളിലും മറ്റും നോമ്പുതുറപ്പിക്കുന്നതിന് വിവിധ സ്ഥാപനങ്ങളും കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. ഷാർജ സജ ലേബർ ക്യാമ്പിൽ മലബാർ ഗോൾഡ് ഗ്രൂപ്പാണ് റമദാൻ മാസത്തിലുടനീളം നോമ്പുതുറ ഒരുക്കുന്നത്.
റമദാനിൽ ജോലിസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും പ്രവൃത്തിസമയം വെട്ടിക്കുറച്ചിട്ടുണ്ട്. റമദാനിൽ യു.എ.ഇ ഫെഡറൽ സർക്കാറിന് കീഴിലെ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുമതിയുണ്ട്. പൊതുവിദ്യാലയങ്ങളിലെയും സർവകലാശാലകളിലെയും വിദ്യാർഥികൾക്കും സമാനമായ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദൂര പഠനമായിരിക്കും വെള്ളിയാഴ്ചകളിൽ ഇവർക്ക് ഏർപ്പെടുത്തുക. എന്നാൽ, നേരത്തെ നിശ്ചയിച്ച പരീക്ഷകളെ ഇത് ബാധിക്കില്ല.
റമദാനിൽ ഫെഡറൽ മന്ത്രാലയങ്ങളും അതോറിറ്റികളും പ്രയാസരഹിതമായ പ്രവൃത്തിസമയ ക്രമീകരണം കൊണ്ടുവരണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ് ഹ്യൂമൻ റിസോഴ്സസ് (എഫ്.എ.എച്ച്.ആർ) നിർദേശിച്ചിട്ടുണ്ട്. മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും പ്രവൃത്തിസമയം രാവിലെ ഒമ്പതു മുതൽ ഉച്ച 2.30വരെ ആയിരിക്കുമെന്നും എഫ്.എ.എച്ച്.ആർ സർക്കുലർ വഴി അറിയിച്ചിരുന്നു. എന്നാൽ, ജോലിയുടെ സ്വഭാവം ആവശ്യപ്പെടുന്നുവെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യാമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാപനങ്ങൾക്ക് പ്രവൃത്തിസമയം നിയമാനുസൃതമായി മാറ്റംവരുത്താനുള്ള അനുമതിയുമുണ്ട്. ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ റമദാനിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും അവധി ലഭിക്കുന്നതാണ്. കഴിഞ്ഞവർഷത്തേതിനെ അപേക്ഷിച്ച് യു.എ.ഇയിൽ ഇത്തവണ പകൽ ദൈർഘ്യം കുറഞ്ഞതിനാൽ നോമ്പുസമയവും കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.