ദുബൈയിൽ വെള്ളക്കെട്ടുകൾ നീക്കാൻ അതിവേഗ നടപടി
text_fieldsദുബൈ: കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ നീക്കുന്നതിന് അതിവേഗ നടപടികൾ പുരോഗമിക്കുന്നു. ദുബൈയിൽ 400 വാട്ടർ പമ്പുകളും 300 വാട്ടർ ടാങ്കുകളും ഉപയോഗപ്പെടുത്തിയാണ് വെള്ളം വറ്റിക്കുന്നത്. ലോറികളും ബുൾഡോസറുകളും അടക്കം 200ലേറെ വലിയ വാഹനങ്ങളും ഓപറേഷനിൽ പങ്കെടുക്കുന്നുണ്ട്.
ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ), ദുബൈ മുനിസിപ്പാലിറ്റി സിവിൽ ഡിഫൻസ്, ദുബൈ പൊലീസ് എന്നിങ്ങനെ വിവിധ വകുപ്പുകൾ ഏകോപിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എൻജിനീയർമാരും ടെക്നിക്കൽ വിദഗ്ധരും കോൺട്രാക്ടർമാരും അടക്കം 2,500ലേറെ ജീവനക്കാരും തൊഴിലാളികളും ഇതിനായി രംഗത്തുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ചയും വെള്ളക്കെട്ടുകൾ നിലനിൽക്കുന്നുണ്ട്. പ്രധാന റോഡുകളിലെ മിക്ക തടസ്സങ്ങളും നീക്കിക്കഴിഞ്ഞെങ്കിലും ഇടറോഡുകളിലും കവലകളിലും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇവ വറ്റിച്ചെടുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അസാധാരണ മഴയിൽ വലിയ തോതിൽ വെള്ളം നിറഞ്ഞതിനാൽ വറ്റിക്കുന്നത് എളുപ്പമല്ല. ഒലിച്ചുപോകാതെ നിൽക്കുന്ന വെള്ളം ടാങ്കറുകളിൽ മോട്ടോർ ഉപയോഗിച്ച് അടിച്ചുകൊണ്ടുപോകുന്നത് മാത്രമാണ് വഴിയുള്ളത്.
തങ്ങളുടെ അടിയന്തര ദുരന്ത നിവാരണ സംഘത്തെ ഉപയോഗിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായർ പറഞ്ഞു. പല സ്ട്രീറ്റുകളിൽ നിന്നും റെക്കോഡ് വേഗത്തിലാണ് വെള്ളം നീക്കിയതെന്നും അതുവഴി ട്രാഫിക് തടസ്സങ്ങൾ നീക്കാൻ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ഘട്ടത്തിൽ ദുബൈ മെട്രോ സേവനങ്ങൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങൾക്കാണ് മുൻഗണന നൽകിയത്. നഗരത്തിലെ പ്രധാന റോഡുകളായ ശൈഖ് സായിദ് റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എയർപോർട്ട് റോഡ് എന്നിവയും ആദ്യഘട്ടത്തിൽ പരിഗണിക്കപ്പെട്ടു.
ഷാർജയിലും അജ്മാനിലും മറ്റു എമിറേറ്റുകളിലും വെള്ളക്കെട്ടുകൾ നീക്കംചെയ്ത് ഗതാഗതം പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്.മിക്ക റോഡുകളിലും തടസ്സങ്ങൾ നീക്കിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ചിലയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് തുടരുകയാണ്. അധികൃതർ അതിവേഗം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.