റാപിഡ് ടെസ്റ്റിലെ കൊള്ള നിരക്ക് : മുഖ്യമന്ത്രിയുടെ പഴയ എഫ്.ബി പോസ്റ്റിൽ രാഷ്ട്രീയപ്പോര്
text_fieldsദുബൈ: റാപിഡ് ടെസ്റ്റിെൻറ പേരിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽനിന്ന് കൊള്ളനിരക്ക് ഈടാക്കുന്നതിലെ പ്രതിഷേധം പുകയുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയെൻറ പഴയ എഫ്.ബി പോസ്റ്റിൽ രാഷ്ട്രീയപ്പോര്. 2016ൽ മുഖ്യമന്ത്രി യു.എ.ഇ സന്ദർശനത്തിനു ശേഷം പ്രവാസികൾക്ക് നൽകിയ വലിയ വാഗ്ദാനങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസാണ് ചർച്ചക്ക് തുടക്കമിട്ടത്. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവർക്ക് അടുത്ത ജോലി ലഭിക്കുന്നതു വരെ പരമാവധി ആറു മാസത്തെ ശമ്പളം നൽകും, ഗൾഫിൽ അസുഖം ബാധിച്ചവരെ അടിയന്തര ചികിത്സക്കായി നാട്ടിലെത്തിക്കാൻ പ്രത്യേക സൗകര്യമേർപ്പെടുത്തും, പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സഹായം നൽകും, മരണമടയുന്ന നിർധനരായ മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ സഹായം ലഭ്യമാക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രി അന്ന് നൽകിയിരുന്നത്. ഇത് ചൂണ്ടിക്കാട്ടി പി.കെ. ഫിറോസ്, റാപിഡ് ടെസ്റ്റിന് എന്ന പേരിൽ എയർപോർട്ടിൽ ഈടാക്കുന്ന 2490 രൂപയുടെ കൊള്ള നിർത്താൻ പറ്റുമോ എന്ന ചോദ്യമുന്നയിച്ച് കമൻറിട്ടതോടെയാണ് പോര് തുടങ്ങിയത്.
പി.കെ. ഫിറോസിനെ പിന്തുണച്ച് നിരവധി പേർ പരിശോധനയുടെ പേരിലെ കൊള്ള നിരക്ക് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തി. ഇടത് രാഷ്ട്രീയ ആഭിമുഖ്യമുള്ളവർ വിഷയത്തിൽ കേന്ദ്ര സർക്കാറാണ് നിലപാട് പറയേണ്ടതെന്ന വാദവുമായി മുഖ്യമന്ത്രിക്ക് പ്രതിരോധമൊരുക്കിയും രംഗത്തെത്തി. ചർച്ച കൊഴുത്തതോടെ ഇരു വിഭാഗവും തമ്മിലെ വാദപ്രതിവാദമായി ഇതു മാറി. റാപിഡ് ടെസ്റ്റിന് കൊള്ളനിരക്ക് ഈടാക്കുന്നത് പിൻവലിക്കണമെന്ന് മാസങ്ങളായി വിവിധ പ്രവാസി സംഘടനകൾ സർക്കാറിന് മുന്നിൽ പ്രതിഷേധമായും നിവേദനമായും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ നടപടികളൊന്നുമുണ്ടായിട്ടില്ല. കുടുംബമായി മടങ്ങുന്നവർക്കും ജോലി അന്വേഷിച്ച് വിസിറ്റിങ് വിസയിൽ പോകുന്നവർക്കും ഇത് വലിയ ബാധ്യതയാണ്. മൂന്നും നാലും പേരടങ്ങുന്ന കുടുംബത്തിന് പതിനായിരത്തിലേറെ രൂപയാണ് ഇതിന് മാത്രമായി ചെലവ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.