അപൂർവ നമ്പറുകളുടെ ലേലം: 'വൺ ബില്യൺ മീൽസി'ന് ലഭിച്ചത് 5.3 കോടി ദിർഹം
text_fieldsദുബൈ: അപൂർവ നമ്പർപ്ലേറ്റുകളും ഫോൺ നമ്പറും ലേലത്തിൽവെച്ച് 'വൺ ബില്യൺ മീൽസ്' പദ്ധതിയിലേക്ക് 5.3 കോടി ദിർഹം സമാഹരിച്ചു.
രണ്ടു മണിക്കൂർ നീണ്ട ലേലത്തിലാണ് ലോകത്താകമാനമുള്ള നിരാലംബർക്ക് സഹായമെത്തിക്കുന്ന പദ്ധതിയിലേക്ക് ഇത്രയും തുക സമ്പാദിച്ചത്.
ഇതോടെ റമദാനിൽ ആരംഭിച്ച സംരംഭത്തിന് ആകെ ലഭിച്ച സംഭാവന 39.1 കോടി ദിർഹമിലെത്തി. മോസ്റ്റ് നോബിൾ നമ്പേഴ്സ് ചാരിറ്റിയാണ് ലേലം സംഘടിപ്പിച്ചത്. നാല് അപൂർവ വാഹന നമ്പറുകളും 10 ഫാൻസി ഫോൺ നമ്പറുകളുമാണ് ലേലം ചെയ്തത്.
ഒറ്റ അക്ക വാഹന പ്ലേറ്റ് നമ്പർ AA8 ആണ് ഏറ്റവും കൂടുതൽ പണം നേടിയത്. 3.5 കോടി ദിർഹമാണ് ഇതിന് ലഭിച്ചത്. 54 999 9999 എന്ന മൊബൈൽ നമ്പർ 50 ലക്ഷം ദിർഹത്തിനും ലേലത്തിൽ പിടിച്ചു.
V66, F55 എന്നീ നമ്പർപ്ലേറ്റുകൾ 40 ലക്ഷം വീതവും Y66 എന്ന നമ്പർ പ്ലേറ്റ് 38 ലക്ഷം ദിർഹവുമാണ് നേടിയത്. ലേലം വരുന്ന ആഴ്ചയിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അബൂദബി പൊലീസ് 555 വാഹന പ്ലേറ്റ് നമ്പറുകൾക്കായി ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നുണ്ട്. അബൂദബിയിലെ എമിറേറ്റ്സ് പാലസിൽ രണ്ടാം മോസ്റ്റ് നോബിൾ നമ്പേഴ്സ് ചാരിറ്റി ലേലം ബുധനാഴ്ചയാണ് നടക്കുക. ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലെ നിരാലംബർക്കും ദരിദ്രർക്കും സഹായം നൽകാൻ ലക്ഷ്യമിടുന്ന 1 ബില്യൺ മീൽസ് സംരംഭത്തിന് കീഴിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നുണ്ട്.
അരി, എണ്ണ, പഞ്ചസാര, ഈത്തപ്പഴം തുടങ്ങിയ അടിസ്ഥാന ഭക്ഷണപദാർഥങ്ങൾ അടങ്ങിയ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് സംഘടിപ്പിക്കുന്ന സംരംഭം, ഫുഡ് ബാങ്കിങ് റീജനൽ നെറ്റ്വർക്കിന്റെയും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെയും സഹകരണത്തോടെയാണ് വിതരണം നിർവഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.