അപൂർവശസ്ത്രക്രിയ വിജയകരം; അഭിനന്ദനങ്ങളുമായി ശൈഖ് ഹംദാൻ
text_fieldsദുബൈ: 25 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിെൻറ നട്ടെല്ലിന് കണ്ടെത്തിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള അപൂർവ ശസ്ത്രക്രിയ ലത്തീഫ ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി.ഗർഭസ്ഥ ശിശുവിന് അപൂർവശസ്ത്രക്രിയ നടത്തിയ ലത്തീഫ ആശുപത്രിയിലെ മെഡിക്കൽ ടീമിന് മുക്തകണ്ഠം പ്രശംസയുമായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം.മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചത് വലിയ പ്രശംസ അർഹിക്കുന്നു. ഇത്തരമൊരു പ്രചോദനാത്മക മാതൃക കാട്ടിയ ടീമിനെ സന്ദർശിക്കാനായതിൽ സന്തോഷമുണ്ട്.
ആരോഗ്യമുള്ള കുട്ടിയെ സ്വാഗതം ചെയ്യാൻ തയാറെടുക്കുന്ന എമിറാത്തി കുടുംബത്തിന് ഈ പ്രചോദനാത്മക ടീം പ്രതീക്ഷയും ആശ്വാസവും നൽകിയതിൽ ഏറെ അഭിമാനിക്കുന്നതായും ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു. 'ഞങ്ങളുടെ വിദഗ്ധരായ എമിറാത്തി മെഡിക്കൽ സംഘത്തിെൻറ കഴിവിലും ആത്മാർഥതയിലും അഭിമാനമുണ്ട്. ആരോഗ്യ സേവനങ്ങളിൽ ഞങ്ങളുടെ ആത്മവിശ്വാസം ഉയർത്തിയിരിക്കുകയാണ് നിങ്ങൾ.
എല്ലാ മെഡിക്കൽ, നഴ്സിങ് സ്റ്റാഫുകളെയും വളരെയധികം വിലമതിക്കുന്നു. നിങ്ങളുടെ അശ്രാന്ത പരിശ്രമത്തിന് നന്ദി. ഞങ്ങളുടെ സമൂഹത്തിെൻറ ആരോഗ്യവും സന്തോഷവും നിങ്ങളുടെ കൈകളിലാണ്'-ആഹ്ലാദം മറച്ചുവെക്കാതെ ഹംദാൻ ട്വിറ്ററിൽ കുറിച്ചു. അറബ് ലോകത്തെ ആദ്യത്തെ ഗർഭപിണ്ഡ ശസ്ത്രക്രിയയിൽ 700 ഗ്രാം ഗർഭപിണ്ഡത്തിെൻറ തകരാറാണ് പരിഹരിച്ചത്.
25 ആഴ്ച പ്രായമുള്ള ഗർഭസ്ഥശിശുവിൽ നടത്തിയ ആറു മണിക്കൂർ ദൈർഘ്യമേറിയ ശസ്ത്രക്രിയയിലൂടെ കുഞ്ഞിെൻറ ബുദ്ധിപരമായ പ്രവർത്തനം, അവയവങ്ങളുടെ പ്രവർത്തനം, വൈകല്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരമാണ് യാഥാർഥ്യമാക്കിയത്. വിദഗ്ധ പരിശോധനയിലൂടെ കുഞ്ഞിന് സുഷുമ്‌നാ നാഡി വൈകല്യമുണ്ടെന്ന് മെഡിക്കൽ സംഘം കണ്ടെത്തുകയായിരുന്നു.
നടത്തം, ചലനാത്മകത, മലവിസർജനം, മൂത്രസഞ്ചി എന്നിവയുടെ പ്രവർത്തനം, മുറിവുകൾ ഉണക്കൽ, തലച്ചോറിൽ ദ്രാവകം അടിഞ്ഞുകൂടൽ എന്നിവയുൾപ്പെടെ നിരവധി ശാരീരിക വൈകല്യങ്ങൾക്ക് ഇതു കാരണമാകുമെന്ന് വിലയിരുത്തിയ സംഘം അപൂർവ ശസ്ത്രക്രിയക്ക് ഒരുങ്ങുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) കഴിയുന്ന മാതാവും ഗർഭസ്ഥശിശുവും സുഖം പ്രാപിച്ചുകഴിഞ്ഞു.എങ്കിലും സമ്പൂർണ നിരീക്ഷണത്തിൽതന്നെയാണ് ഇപ്പോഴും. പ്രസവാനന്തരം, കുട്ടിയെ ഒരു മൾട്ടിഡിസിപ്ലിനറി ടീം പിന്തുടരുമെന്നും സംഘം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.